'അഭിനയത്തിൽ നിന്നും ഇടവേള എടുക്കാം എന്നു കരുതിയപ്പോഴാണ് പൊൻമാൻ വന്നത്, ഒറ്റയിരുപ്പിന് ബുക്ക് വായിച്ചു തീർത്തു': ബേസിൽ ജോസഫ്

'അഭിനയത്തിൽ നിന്നും ഇടവേള എടുക്കാം എന്നു കരുതിയപ്പോഴാണ് പൊൻമാൻ വന്നത്, ഒറ്റയിരുപ്പിന് ബുക്ക് വായിച്ചു തീർത്തു': ബേസിൽ ജോസഫ്
Published on

അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് സംവിധാനത്തിലേക്ക് ശ്രദ്ധ തിരിക്കാം എന്നു കരുതിയപ്പോഴാണ് പൊൻമാൻ എന്ന ചിത്രം സംഭവിച്ചതെന്ന് നടൻ ബേസിൽ ജോസഫ്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചലച്ചിത്രമാണ് പൊൻമാൻ. 'നാലഞ്ച് ചെറുപ്പക്കാർ' എന്ന ബുക്ക് ആണ് പൊൻമാൻ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ അടുത്ത സംവിധാന ചിത്രത്തിൽ പ്രവർത്തിക്കുന്ന എഴുത്തുകാരാണ് സംവിധാനം കുറച്ച് നീണ്ടു പോയാലും സാരമില്ല പൊൻമാൻ ചെയ്യണമെന്ന് തന്നോട് പറഞ്ഞതെന്നും ബേസിൽ ജോസഫ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബേസിൽ ജോസഫ് പറഞ്ഞത്:

'നാലഞ്ച് ചെറുപ്പക്കാർ' എന്ന ബുക്ക് ആണ് എന്നെ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. ആ ബുക്ക് ആദ്യം വായിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന ചേട്ടനാണ് ഈ ബുക്ക് വായിച്ച ശേഷം അജേഷ് എന്ന കഥാപാത്രത്തിന് വേണ്ടി ഒന്ന് ആലോചിച്ച് നോക്കാമോ എന്ന് ചോദിക്കുന്നത്. അന്ന് ഞാൻ ഒരു ബ്രേക്ക് എടുക്കാം, ഇനി ഡയറക്ഷനിലേക്ക് പോകാം എന്നൊക്കെ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി എഴുതിക്കൊണ്ടിരുന്ന എന്റെ എഴുത്തുകാർ ഡയറക്ഷൻ കുറച്ച് നീണ്ടാലും കുഴപ്പമില്ല ഈ സിനിമ ചെയ്യൂ എന്ന് പറഞ്ഞത്. ഇത്രയ്ക്കും എക്സൈറ്റ്മെന്റോ ഇവന്മാർക്ക് എന്നെനിക്ക് തോന്നി. എടാ നിനക്കൊക്കെ വേണ്ടിയാണ് ഞാൻ സംവിധാനം ചെയ്യാൻ‌ പോകുന്നത് നീയൊക്കെ പോസ്റ്റ് ആകും എന്ന് ഞാൻ പറഞ്ഞു. എന്നാലും കുഴപ്പമില്ല ഇത് വായിച്ചു നോക്കൂ എന്ന് അവരാണ് പറയുന്നത്. അങ്ങനെയാണ് അത് വായിക്കുന്നത്. ഒറ്റയിരുപ്പിനാണ് ആ ബുക്ക് വായിച്ചു തീർത്തത്. വായിച്ചു കഴിഞ്ഞപ്പോൾ ആ കഥയുടെ ലോകവും കഥാപാത്രങ്ങളും എല്ലാം എന്നെ വളരെ എക്സൈറ്റ് ചെയ്യിക്കാൻ തുടങ്ങി. അത് മറ്റുള്ളവരോട് പറയാൻ ഒരു എക്സൈറ്റ്മെന്റ് തോന്നി. ഈ സിനിമ ചെയ്യണം എന്ന തോന്നൽ അവിടം മുതൽ പിന്നീട് ഉണ്ടായിരുന്നു.

കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് "പൊൻമാൻ". ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ത്രില്ലർ സ്വഭാവത്തിൽ സഞ്ചരിക്കുന്ന ചിത്രമാണ് പൊൻമാൻ എന്ന സൂചനയാണ് ചിത്രത്തിൻ്റെ ടീസർ തരുന്നത്. ചിത്രത്തിൽ അജേഷ് എന്ന നായക കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. സ്റ്റെഫി എന്ന നായിക കഥാപാത്രത്തെയാണ് ലിജോമോൾ ജോസ് അവതരിപ്പിക്കുന്നത്. മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരുമാണ് എത്തുന്നത്. ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in