'കയ്യടി അർഹിക്കുന്നു'; മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതലിനെക്കുറിച്ച് ബേസിൽ ജോസഫ്

'കയ്യടി അർഹിക്കുന്നു'; മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതലിനെക്കുറിച്ച് ബേസിൽ ജോസഫ്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം 'കാതൽ ദ കോർ' കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന ചിത്രത്തിനെക്കുറിച്ച് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. വളരെ റെലവന്റും സീരിയസ്സും സെൻസിറ്റീവുമായ വിഷയത്തെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ടെന്നും അഭിനേതാക്കാളായ മമ്മൂട്ടിയും ജ്യോതികയുമടക്കം ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയും തിരക്കഥാകൃത്തുക്കളായ പോൾസൺ സ്ക്കറിയയും ആദർശ് സുകുമാരനും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം കയ്യടി അർഹിക്കുന്നുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു. കാതലിന്റെ തിയറ്റർ റെസ്പോൺസ് എടുക്കാനെത്തിയ യുട്യൂബ് ചാനലുകളോടായിരുന്നു ബേസിലിന്റെ പ്രതികരണം.

ബേസിൽ പറഞ്ഞത്:

അടിപൊളി സനിമയായിരുന്നു, വളരെ റെലവന്റായിട്ടുള്ള, വളരെ സീരിയസ്സായിട്ടുള്ള, സെൻസിറ്റിവായ ഒരു സബ്ജക്ടിനെ വളരെ വൃത്തിയായിട്ട് പറഞ്ഞിട്ടുണ്ട്, അതിൽ മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോൾസൺ, ആദർശ്, എല്ലാവരും കയ്യടി അർഹിക്കുന്നു, അങ്ങനെ ഒരു സിനിമ ചെയ്യുവാനുള്ള മനസ്സുകാണിക്കുക എന്നത് ഒരു നേട്ടമാണെല്ലോ? അത് നമ്മൾ അം​ഗീകരിച്ചു കൊടുത്തേ മതിയാവൂ.. ഭയങ്കര ഭം​ഗിയായിട്ട് അത് ചെയ്തിട്ടുമുണ്ട്. സിനിമ കാണുമ്പോൾ നമ്മൾ ഇമോഷണലാവും. റിലേറ്റ് ചെയ്യാൻ പറ്റും. നന്നായിട്ട് എടുത്തിട്ടുണ്ട്.

റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ ദ കോർ. ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. സ്നേഹത്തെക്കുറിച്ചും മനുഷ്യർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സിനിമ സംസാരിക്കുന്ന സിനിമയാണ് കാതലെന്നാണ് സംവിധായകൻ ജിയോ ബേബി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in