ലഹരി ഉപയോഗത്തെ സംബന്ധിച്ചുള്ള ചർച്ചകൾ സിനിമയ്ക്കുള്ളിലേക്ക് മാത്രമായി ഒതുക്കരുതെന്ന് ബേസിൽ ജോസഫ്. ഉത്തരവാദിത്ത ബോധത്തോടെ ഇത്തരം വിഷയങ്ങളിൽ പെരുമാറണം എന്നും ലഹരി ചർച്ചകൾ ക്ലിക്ക് ബൈറ്റ് ആക്കാതെ അതിനെ തടയിടാൻ എന്ത് ചെയ്യാം എന്നത് നമ്മൾ ചർച്ച ചെയ്യണം എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിൽ പ്രതികരിച്ചു.
ബേസിൽ ജോസഫ് പറഞ്ഞത്:
ലഹരിയുടെ വിഷയത്തിൽ റെസ്പോൺസിബിൾ ആയി നമ്മൾ ബിഹേവ് ചെയ്യുക എന്നതാണ്. സിനിമയിൽ ആകുന്നത് കൊണ്ടാണ് അതിന് ഇത്രയും വിസിബിളിറ്റി കിട്ടുന്നത്. അതിനൊരു ക്ലിക്ക് ബൈറ്റ് സ്വഭാവം ഉണ്ടല്ലോ? ഇതിൽ റെസ്പോൺസിബിളായിട്ട് ബിഹേവ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊച്ചു കുട്ടികളാണ് ഇതിലേക്ക് സ്വാധീനിക്കപ്പെടുന്നത്. പല റിപ്പോട്ടുകളും സൂചിപ്പിക്കുന്നത് നമ്മുടെ യുവതലമുറ അത് കൂടുതലായിട്ട് ഉപയോഗിക്കുന്നു എന്നാണ്. അതിന്റെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നത് ആശങ്കപ്പെടേണ്ട ഒരു കാര്യമാണ്. വീട്ടിൽ കൊച്ചിനെ നോക്കാൻ വരുന്നൊരു ചേച്ചിയുണ്ട്. അവർക്ക് വൈകുന്നേരം വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാണ്. അവിടെ കുറേ പയ്യന്മാർ നിൽക്കുന്നുണ്ട്. അവൻമാർ ഇതൊക്കെ അടിച്ചിട്ടാണോ വന്ന് നിൽക്കുന്നത് എന്ന് ആർക്ക് അറിയാം എന്നൊക്കെ പറയാറുണ്ട്. ഒരു സാധാരണക്കാരന് വരെ വീട്ടിൽ പോകാൻ പേടിക്കുന്നു എന്ന് പറയുന്ന പോയിന്റിലേക്ക് ഇതിന്റെ ഇംപാക്ട് ഉണ്ടായി. ഒരുപക്ഷേ അവർ ഇത്തരം സന്ദർഭങ്ങൾ നേരിട്ടിട്ടുണ്ടാവില്ല എങ്കിലും ഉള്ളിൽ എവിടെയോ അവർക്ക് ഇങ്ങനെ സംഭവിക്കുമോ എന്നൊരു ആശങ്കയുണ്ട്. ഇതൊക്കെ ഒരുപാട് ചർച്ച ചെയ്യേണ്ട ഒരു കാര്യമാണ്. അതിനെ സിനിമയിലേക്ക് മാത്രം ഒതുക്കി, അല്ലെങ്കിൽ സിനിമയിൽ മാത്രം പ്രശ്നങ്ങൾ സംഭവിക്കുന്നു എന്നതിലേക്ക് മാത്രം ഒതുക്കി ചർച്ച ചെയ്യരുത്.
എല്ലായിടത്തും ലഹരിയുടെ ഇൻഫ്ലുവൻസ് എങ്ങനെയാണ്? ആകെ തുകയിൽ ഇതിനെ എങ്ങനെ അവസാനിപ്പിക്കാം എന്നു തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട്. എല്ലാവരും ഇതിനെ ചർച്ചയാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരു വിഷയം വരുമ്പോൾ എല്ലാവരും അതിന് പിറകെ പോകും. ഈ ടോപ്പിക്കിനെ വിടും. പ്രായോഗികമായി ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് കണ്ടു പിടിക്കണം. അത് കണ്ടുപിടിക്കാൻ വളരെ പ്രയാസകരമാണ്. ഇതിനെ ഡിപെന്റ് ചെയ്ത് നിൽക്കുന്ന ഒരു വലിയ മാഫിയ ഇതിന് പിന്നിൽ ഉണ്ട്. അവർ ചെറിയ ആളുകൾ ആയിരിക്കില്ല. അതിന്റെ പരിഹാരം അതികൊണ്ട് തന്നെ കണ്ടുപിടിക്കുക എളുപ്പമാവില്ല. പക്ഷേ സിനിമ എന്ന നിലയിലേക്ക് മാത്രം അതിനെ ടാഗ് ചെയ്യപ്പെടുന്നത് അത് സിനിമയിലെ എല്ലാവരെയും ജനറലൈസ് ചെയ്യുന്നത് പോലെയാണ്. സിനിമ ഒരു അധോലോകം ആണെന്നും എല്ലാവരും മറ്റേ പുകയുള്ള റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണെന്നും ഉള്ള തരത്തിലുള്ള ഇമേജാണ് ആളുകളിലേക്ക് വരുന്നത്. ഇതല്ലാതെ വളരെ പ്രൊഫഷണലായ ഒരു സ്പേയ്സ് കൂടിയാണ് സിനിമ.