ബ്രൂസിലി ബിജി വെറും നായികയല്ല, നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ്: ബേസില്‍ ജോസഫ്

ബ്രൂസിലി ബിജി വെറും നായികയല്ല, നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ്: ബേസില്‍ ജോസഫ്

മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ വെറും നായികയായല്ല ചിത്രീകരിച്ചിരിക്കുന്നത്. നായകന് ഒപ്പം നില്‍ക്കുന്ന കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാനപ്പെട്ടൊരു കഥാപാത്രമാണെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു സൂപ്പര്‍ ഹീറോ സിനിമ എന്ന് പറയുമ്പോള്‍ തന്നെ അത് പുരുഷകേന്ദ്രീകൃതമാണ്. അതില്‍ വളരെ ഭംഗിയുള്ളൊരു നായിക സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായാണ് ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നും ബേസില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ 'ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍' സംസാരിക്കവെ പറഞ്ഞു.

ബേസില്‍ ജോസഫ് പറഞ്ഞത്:

മിന്നല്‍ മുരളി എന്ന സിനിമയുടെ ജോനര്‍ സൂപ്പര്‍ ഹീറോ എന്നതാണ്. അത് തന്നെ പുരുഷ കേന്ദ്രീകൃതമാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരു ഹീറോയിന്‍ എന്ന രീതിയില്‍ ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ ചിത്രീകരിക്കാന്‍ താത്പര്യമില്ലായിരുന്നു. അതിന് പകരം ആ കഥാപാത്രത്തെ സൂപ്പര്‍ ഹീറോയുടെ കൂടെ നില്‍ക്കുന്ന ഒരു കഥാപാത്രമായി കാണിക്കാനാണ് ശ്രമിച്ചത്. ആ കഥാപാത്രത്തെ ഹീറോയിന്‍ എന്ന് വിശേഷിപ്പിക്കാനാവില്ല. അവര്‍ നായകനെ സഹായിക്കുന്ന ഒരു സുഹൃത്താണ്. ഒരു സപ്പോര്‍ട്ടിക്ക് കഥാപാത്രമൊക്കെ പോലെ.

സിനിമയില്‍ ബ്രൂസിലി ബിജി ഒരു തമാശ കഥാപാത്രം കൂടിയാണ്. അല്ലാതെ ഒരു നായിക പരവേശമല്ല അവര്‍ക്ക് കൊടുത്തിരിക്കുന്നത്. എനിക്ക് ആ കഥാപാത്രത്തിന് സിനിമയില്‍ അവരുടേതായ ഒരു കഥയും പശ്ചാത്തലവും കൊടുക്കണമായിരുന്നു. അല്ലാതെ ഒരു ഭംഗിയുള്ള നായികയെ പോലെ ചിത്രീകരിക്കാന്‍ താത്പര്യമില്ലായിരുന്നു. അതുപോലെ നായകനും ആ കഥാപാത്രവും തമ്മില്‍ പ്രണയം ഉണ്ടാവുന്നതൊന്നും വേണ്ടെന്ന് തന്നെ തീരുമാനിച്ചതാണ്. മറിച്ച് ബ്രൂസിലി ബിജിയെ കഥ മുന്നോട്ട് കൊണ്ട് പോകുന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഫെമിന ജോര്‍ജ് എന്ന പുതുമുഖ നായികയാണ് ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫെമിനയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളും ലഭിച്ചിരുന്നു.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in