നന്ദ എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് മമ്മൂട്ടിയുടെ ആ മലയാളം സിനിമ: ബാല

നന്ദ എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് മമ്മൂട്ടിയുടെ ആ മലയാളം സിനിമ: ബാല
Published on

നന്ദ എന്ന ചിത്രം എടുക്കാൻ തന്നെ പ്രേരിപ്പിച്ചത് മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ തനിയാവർത്തനം എന്ന ചിത്രമാണെന്ന് സംവിധായകൻ ബാല. നന്ദയുടെ ക്ലൈമാക്സ് ആളുകൾ സ്വീകരിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കാരണം തനിയാവർത്തനം എന്ന മലയാളം സിനിമയുടെ ക്ലൈമാക്‌സും അതുപോലെയായിരുന്നു. നന്ദയിൽ പ്രധാന കഥാപാത്രം ഒരു കൊലപാതകിയും തനിയാവർത്തനത്തിലെ കഥാപാത്രം ഭ്രാന്തനുമാണെന്ന വ്യത്യാസം മാത്രമേയുള്ളു. തനിയാവർത്തനം വളരെയേറെ സ്വീകരിക്കപ്പെട്ട സിനിമയാണെന്നും അതിൽ നിന്നാണ് നന്ദ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.

ബാല പറഞ്ഞത്:

നന്ദ എന്ന സിനിമ ചെയ്തപ്പോൾ അതിന്റെ ക്ലൈമാക്സിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ ആത്മാവ് എന്ന എം ടി വാസുദേവൻനായരുടെ ചെറുകഥയുണ്ട്. അതിന്റെ അവസാന ഭാഗമെടുത്താണ് തനിയാവർത്തനം എന്ന സിനിമ ചെയ്തിരിക്കുന്നത്. അതിൽ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദ സിനിമയുടെ ക്ലൈമാക്സ് ആ സിനിമയുടെ ക്ലൈമാക്സ് പോലെ തന്നെയാണ്. നന്ദയിൽ പ്രധാന കഥാപാത്രം കൊലപാതകി ആണെങ്കിൽ തനിയാവർത്തനത്തിലെ കഥാപാത്രം ഭ്രാന്തനാണ്. മമ്മൂട്ടിയാണ് ഭ്രാന്തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആ സിനിമ തന്ന ആത്മവിശ്വാസമാണ് നന്ദ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.

തനിയാവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നന്ദ എഴുതിയതെന്ന് മുൻപും ബാല പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 1987 ൽ പുറത്തുവന്ന ചിത്രമാണ് തനിയാവർത്തനം. ലോഹിതദാസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കവിയൂർ പൊന്നമ്മ, തിലകൻ, മുകേഷ്, സരിത, ഫിലോമിന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ തന്നെ നാഴിക കല്ലായി മാറിയ ചിത്രമായിരുന്നു തനിയാവർത്തനം. ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ ധാരാളം അവാർഡുകൾ ലഭിച്ചു. ലോഹിതദാസിന്റെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നായി പരിഗണിക്കുന്ന ചിത്രം കൂടിയാണ് തനിയാവർത്തനം.

സൂര്യയെ നായകനാക്കി ബാല എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നന്ദ. 2001 ലാണ് ചിത്രം റിലീസായത്. സൂര്യയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് നന്ദ. ലൈല, വിനോദ്, രാജ് കിരൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in