സുപ്രീം കോടതിയുടെ വിവാദ നിർദേശം; 'ഉയരെ' സിനിമയിലെ കോടതി രംഗം വൈറൽ; ഭാവിയിൽ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് തിരക്കഥാകൃത്ത്

 സുപ്രീം കോടതിയുടെ വിവാദ നിർദേശം; 'ഉയരെ' സിനിമയിലെ കോടതി രംഗം വൈറൽ; ഭാവിയിൽ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് തിരക്കഥാകൃത്ത്

പോക്‌സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡെയുടെ നിർദേശത്തിനെതിരെ നിശിതമായ വിമർശനമാണ് രാജ്യത്ത് ഉയരുന്നത്. സുപ്രീം കോടതിയിൽ നടന്ന സംഭവത്തോട് സമാനമായ രംഗം 'ഉയരെ' എന്ന മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രം പാർവതി ചെയ്യുന്ന കഥാപാത്രത്തിന്റെ മുഖത്തിന് നേരെ ആസിഡ് ഒഴിക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇരയെ വിവാഹം കഴിക്കുവാൻ തയ്യാറാണെന്ന് പ്രതിയുടെ വക്കീൽ പറയുമ്പോൾ അതിന് ഒരുക്കമാണോയെന്നാണ് ജഡ്ജി ചോദിക്കുന്നത്. സിനിമയിലെ ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ടിട്ടല്ല സിനിമയുടെ തിരക്കഥ എഴുതിയതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി ദ ക്യൂവിനോട് പറഞ്ഞു.

ബോബിയുടെ പ്രതികരണം

ഇങ്ങനെയൊക്കെ ഭാവിയിൽ സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ടല്ല എഴുതിയത് . സിനിമയിൽ ടോക്സിക് ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായിരുന്നു അവതരിപ്പിച്ചത്. പ്രേമിച്ച വ്യക്തി പെൺകുട്ടിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുകയാണ്. പ്രതിയോട് ജഡ്ജി പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ അദ്‌ഭുദത്തോടെ വാട്ട് യു മീൻ എന്ന് ജഡ്ജിയോട് തിരിച്ചു ചോദിക്കുന്നുണ്ട്, ജഡ്ജി എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പാർവതി ചെയ്ത കഥാപാത്രം ചോദിച്ചത്. സമാനമായ മാനസിക അവസ്ഥയിൽക്കൂടിയായിരിക്കാം ഈ പെൺകുട്ടിയും കടന്നു പോയിരിക്കുക. ഞാനും സഞ്ജയും എഴുതിയ നിർണ്ണായകം എന്ന സിനിമയിൽ അപകടത്തിപ്പെട്ട പെൺകുട്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയതിനാൽ സമയത്ത് ചികിത്സ കിട്ടാതെ മരിക്കുന്ന ഒരു രംഗമുണ്ട്. ആ സിനിമ റിലീസ് ആയി രണ്ട് വർഷം കഴിഞ്ഞപ്പോൾ സമാനമായ സംഭവവും ഉണ്ടായി.

ബോബി, സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നീ സഹോദരിമാർ ചേർന്ന് നിർമ്മിച്ച മനു അശോകൻ സംവിധാനം ചെയ്ത സിനിമയാണ് ഉയരെ. പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത് . മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം ആണ് ഉയരെ എന്ന ചിത്രം പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in