'രാസലഹരി ഉപയോഗത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല' ; വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഫെഫ്കയുടെ തീരുമാനമെല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

'രാസലഹരി ഉപയോഗത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല' ; വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഫെഫ്കയുടെ തീരുമാനമെല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തിന്റെ പ്രസ്താവന ഫെഫ്കയുമായി കൂടിയാലോചിച്ചല്ലെന്നു ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്കയുമായുള്ള ചര്‍ച്ചകളില്‍ ഒരു ഘട്ടത്തിലും നടന്മാരുടെ രാസലഹരി ഉപയോഗത്തെപ്പറ്റി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംസാരിച്ചിട്ടില്ല. താരങ്ങളുടെ രാസലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തനിക്കോ ഫെഫ്കയ്ക്കോ ആധികാരികമായ യാതൊരു വിവരവും ഇല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗത്തെയും വിലക്കിയെന്ന നടപടി അറിയിച്ച സിനിമാസംഘടനകളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞിരുന്നു. ബി ഉണ്ണികൃഷ്ണന്‍ കൂടി ഭാഗമായ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ പ്രസ്താവന.

ഇന്നലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞ രാസലഹരിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ്‌മെന്റ് എല്ലാവരുടെയും തീരുമാനത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടായിട്ടുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപെട്ട് അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇതിനു മുന്‍പും അവര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അവര്‍ക്ക് വ്യക്തത ഉണ്ടെന്നും പറഞ്ഞിരുന്നു. അത് അവര്‍ ഇന്‍ഡിപെന്‍ഡന്റ് ആയി എടുത്ത തീരുമാനം ആണ്. ഫെഫ്കയ്ക്ക് അതില്‍ ആധികാരികമായ ധാരണ ഇല്ല, ഞങ്ങളുമായി അത് ചര്‍ച്ച ചെയ്തിട്ടില്ല.

ബി ഉണ്ണികൃഷ്ണന്‍

മലയാളത്തിലെ രണ്ടു നടന്മാരുടെ പേരില്‍ വന്ന രണ്ട് പരാതികളാണ് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്. അതിന്‍ പ്രകാരം ഇപ്പോള്‍ ഇരുവരും അവരുടെ പടങ്ങള്‍ പൂര്‍ത്തിയാക്കട്ടെയെന്നും, അതിനു ശേഷം വ്യക്തമായ ധാരണ ഉണ്ടാക്കി മാത്രമേ ഇരുവരുടെയും പുതിയ പ്രോജക്ടുകള്‍ അപ്രൂവ് ചെയ്യുകയുള്ളൂ എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അവരുടെ തീരുമാനം വ്യക്തമാക്കിയിരുന്നു. അതിനെ തങ്ങള്‍ അനുകൂലിച്ചിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യങ്ങളില്‍ ആധികാരിക വിവരം ഉണ്ടെങ്കില്‍ അത് അവര്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നതില്‍ ഫെഫ്കയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വ്യക്തമായി, ആധികാരികമായി അറിയാത്ത ഒരു കാര്യത്തില്‍ ഒരു തരത്തിലുള്ള കമന്റും നടത്താന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും നടന്മാരുടെ പേര് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരാതി കിട്ടിയതിനു ശേഷമാണു തങ്ങള്‍ നടന്മാരുടെ പേര് വെളിപ്പെടുത്തിയത്. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പറഞ്ഞതില്‍ ഞങ്ങള്‍ ഭാഗമല്ല. അത് അവരുടെ ഉത്തരവാദിത്തം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സിനിമ സംഘടനകള്‍ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അതില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ആരോപണം ഗവണ്മെന്റ് ഉള്‍ക്കൊള്ളേണ്ടതും പരിശോധിക്കേണ്ടതുമായ വലിയ പ്രശ്നമായിട്ടാണ് കാണുന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിഷയത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in