'പോക്രിത്തരം കാട്ടുന്നവൻ എന്നാണ് ഉദ്ദേശിച്ചത്, വെെകാരികമായ പ്രതികരണത്തിൽ പക്വത പ്രതീക്ഷിക്കരുത്' ; മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് ജയമോഹൻ

'പോക്രിത്തരം കാട്ടുന്നവൻ എന്നാണ് ഉദ്ദേശിച്ചത്, വെെകാരികമായ പ്രതികരണത്തിൽ പക്വത പ്രതീക്ഷിക്കരുത്' ; മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് ജയമോഹൻ

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തെയും മലയാള സിനിമയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത തമിഴ്, മലയാളം സിനിമകളുടെ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജയമോഹൻ മുൻപ് രംഗത്തെത്തിയിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ് - കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് ജയമോഹൻ സിനിമയെയും കേരളത്തെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ താൻ നടത്തിയ വിമർശനത്തിൽ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജയമോഹൻ. 'പൊറുക്കി' എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം 'പോക്രിത്തരം കാട്ടുന്നവൻ ' എന്നാണ്. ആ അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചത്. ചിത്രത്തിന്റെ ആദ്യത്തെ സീനുകളിൽ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോൾ മടുപ്പ് തോന്നി. മദ്യം നിരോധിച്ച മേഖലയിൽ മദ്യം കൈയിൽ കരുതിയെത്തുകയും മദ്യപിച്ച് കാട്ടിനുള്ളിൽ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ മുപ്പതുവർഷമായി എന്തിനെതിരെ നിരന്തരം എഴുതിയും സംസാരിച്ചും പ്രവർത്തിച്ചു വരുന്നുവോ അതുതന്നെ ഈ കുട്ടികൾ ചെയ്തുകൂട്ടുന്നത് കണ്ടപ്പോൾ നിയന്ത്രണം നഷ്ട്ടമായെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞു.

ബി ജയമോഹന്റെ വാക്കുകൾ :

'പൊറുക്കി' എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം 'പോക്രിത്തരം കാട്ടുന്നവൻ' എന്നാണ്. ആ അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചതും. ഒരെഴുത്തുകാരൻ വൈകാരികമായി ഒരു കാര്യമെഴുതുമ്പോൾ അതിൻ്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തിൽ വാക്കുകളുടെ അർഥമെന്താണ് എന്നൊക്കെ വായിക്കുന്നവർക്ക് മനസ്സിലാകും. മലയാള സിനിമകൾ തിയേറ്ററിൽ ചെന്നു കാണുന്ന ശീലം എനിക്കുണ്ട്. അങ്ങനെയാണ് 'മഞ്ഞുമ്മൽ ബോയ്സ്' കാണുന്നത്. ആദ്യത്തെ സീനുകളിൽ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോൾ മടുപ്പ് തോന്നി. മദ്യം നിരോധിച്ച മേഖലയിൽ മദ്യം കൈയിൽ കരുതിയെത്തുകയും മദ്യപിച്ച് കാട്ടിനുള്ളിൽ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ മുപ്പതുവർഷമായി എന്തിനെതിരേ നിരന്തരം എഴുതിയും സംസാരിച്ചും പ്രവർത്തിച്ചു വരുന്നുവോ അതുതന്നെ ഈ കുട്ടികൾ ചെയ്തുകൂട്ടുന്നത് കാണുന്നു. ഇത്തരം കാര്യങ്ങളെ സിനിമ പ്രകീർത്തിക്കുന്നത് കൂടി കണ്ടപ്പോൾ നിയന്ത്രണം നഷ്ട്ടമായി. വീട്ടിലെത്തിയ ഉടൻ എഴുതുകയും പത്ത് നിമിഷത്തിൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകാരികമായ എന്റെ പ്രതികരണമാണത്. എഴുത്തുകാരന്റെ രീതിയാണത്. ഒരു രാഷ്ട്രീയ നയതന്ത്രഞ്ജന്റെ സമനിലയും പക്വതയും എഴുത്തുകാരനിൽ നിന്ന് അപ്പോൾ പ്രതീക്ഷിക്കാൻ കഴിയില്ല.

എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ ഒരു സംഘം ഇന്ന് മലയാള സിനിമയിൽ വളരെ പ്രാമുഖ്യമുള്ള സ്ഥാനത്തുണ്ട്. മലയാളത്തിലെ നായക നടൻമാർ വരെ മയക്കുമരുന്ന് കേസുകളിൽ പെടുന്നത് ഇടയ്ക്കിടെ വാർത്തകളിൽ വരാറുണ്ട്. മലയാളി സമൂഹത്തിൽ ലഹരിയോടുള്ള ആസക്തിയെ സ്വാഭാവികമായ ഒന്നായി ശീലിപ്പിച്ചെടുക്കുന്നത് ഇവരൊക്കെയാണെന്നും ജയമോഹൻ ബ്ലോഗ്ഗിൽ കുറിച്ചിരുന്നു. ജയമോഹനു മറുപടിയുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെക്കുറിച്ച് ജയമോഹൻ എഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന മഞ്ഞുമ്മലിലെ കഥാപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥരായി സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണെന്നും കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in