അവതാര്‍ 2; കടലിനടിയില്‍ വിസ്മയ ലോകം സൃഷ്ടിച്ച് ജെയിംസ് കാമറൂണ്‍

അവതാര്‍ 2; കടലിനടിയില്‍ വിസ്മയ ലോകം സൃഷ്ടിച്ച് ജെയിംസ് കാമറൂണ്‍
Published on

ലോക പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യവിരുന്നാണ് അവതാര്‍ 2. അടുത്ത വര്‍ഷം ഡിസംബര്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അവതാര്‍ 2ന്റെ ഷൂട്ടിങ്ങ് സമയത്തെ ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ കടലിന് അടിയിലാണ് കാമറൂണ്‍ വിസ്മയം തീര്‍ത്തിരിക്കുന്നത് എന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

അവതാര്‍ റിലീസ് ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്തിന് ശേഷം പാന്‍ഡോറിലെ 'നവി'യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം അവതാര്‍ 2ന്റെ ചിത്രീകരണത്തിലാണ്. ഇതിന് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട സാങ്കേതിക ഗവേഷണവും അഭിനേതാക്കളുടെ പരിശീലനവും നടത്തിയതിന് ശേഷമാണ് വെള്ളത്തിനടിയില്‍ അവതാര്‍ 2ന്റെ ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ കഥ പൂര്‍ണ്ണമായും ജേക്ക്‌സ് സള്ളിയെയും നെയ്ത്രിയെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇരുവരുടെ വിവാഹത്തിന് ശേഷം അവരുടെ കുടുംബത്തെ ബന്ധപ്പെട്ടായിരിക്കും സിനിമയുടെ കഥ പോകുന്നത്. 2154ലാണ് അവതാറിന്റെ കഥ നടന്നത്. അതിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവതാര്‍ 2ലെ കഥ നടക്കുന്നത്.

2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, മോഷന്‍ പിക്ചേഴ്സ് ടെക്നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാര്‍ നിര്‍മ്മിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ ലോകസിനിമ ഇതുവരെ കാണാത്ത മികവിലായിരിക്കും ചിത്രത്തിന്റെ ഗ്രാഫിക്‌സ് എന്നതില്‍ സംശയമില്ല.

2020ല്‍ രണ്ടാം ഭാഗം പുറത്തിറക്കാനാണ് ജെയിംസ് കാമറൂണ്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്താല്‍ റിലീസ് 2022ലേക്ക് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ മൂന്നാം ഭാഗം ഡിസംബര്‍ 20, 2024നും നാലാം ഭാഗം ഡിസംബര്‍ 18, 2026നും, അഞ്ചാം ഭാഗം ഡിസംബര്‍ 22, 2028നുമാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in