ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ; രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു

ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ; രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു
Published on

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു അവതാര്‍. ലോകസിനിമയെ തന്നെ മാറ്റിമറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് അതിനൊപ്പം തുടങ്ങിയതുമാണ്. ഇപ്പോഴിതാ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' എന്നാണ് സിനിമയുടെ പേര്. ലാസ് വേഗാസില്‍ വെച്ച് നടക്കുന്ന സിനിമകോണ്‍ വേദിയിലായിരുന്നു പ്രഖ്യാപനം.

ചടങ്ങില്‍ വെര്‍ച്വലിയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പങ്കെടുത്തത്. വലിയ സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കേണ്ടതാണ് അവതാര്‍ 2 എന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു. രണ്ടാം ഭാഗത്തിലെ ചില ദൃശ്യങ്ങളും സിനിമാകോണില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം 2022 ഡിസംബര്‍ 16ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അവതാര്‍ റിലീസ് ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്തിന് ശേഷം പാന്‍ഡോറിലെ 'നവി'യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം അവതാര്‍ 2വിന്റെ ചിത്രീകരണത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സാങ്കേതിക ഗവേഷണവും അഭിനേതാക്കളുടെ പരിശീലനവും നടത്തിയതിന് ശേഷമാണ് വെള്ളത്തിനടിയില്‍ അവതാര്‍ 2ന്റെ ചിത്രീകരണം തുടങ്ങിയത്.

രണ്ടാം ഭാഗത്തിന്റെ കഥ പൂര്‍ണ്ണമായും പ്രധാനകഥാപാത്രങ്ങളായ ജേക്ക്സ് സള്ളിയെയും നെയ്ത്രിയെയും കേന്ദ്രീകരിച്ചാണ് നടക്കുക. 2154 ആയിരുന്നു അവതാര്‍ ഒന്നാം ഭാഗത്തിന്റെ കഥാപശ്ചാത്തലം. അതിന് ശേഷം 14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാം ഭാഗത്തിന്റെ കഥ.

Related Stories

No stories found.
logo
The Cue
www.thecue.in