ജെയിംസ് കാമറൂണിന്‍റെ ചലച്ചിത്ര ഫ്രഞ്ചെസി 'അവതാറിന്‍റെ' മൂന്നാം ഭാഗം പ്രഖ്യാപിച്ചു. 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ശനിയാഴ്ച കാലിഫോർണിയയിൽ നടന്ന ഡി 23 എക്‌സ്‌പോയിൽ പ്രധാന അഭിനേതാക്കളായ സോ സാൽഡാന സാം വർത്തിംഗ്ടൺ എന്നിവരുടെ സാന്നിധ്യത്തിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രം 2025 ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തും.
തീജ്വാലകൾക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സല്‍ഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ ചിത്രം ഉൾപ്പെടെയുള്ള സിനിമയിൽ നിന്നുള്ള കൺസെപ്റ്റ് ആർട്ടും കാമറൂൺ ചടങ്ങില്‍ അവതരിപ്പിച്ചു. നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതൽ പന്‍റോറയെ പുതിയ ചിത്രത്തില്‍ നിങ്ങൾക്ക് കാണാനാവും, ഈ ഭാഗം നിങ്ങൾക്ക് തീര്‍ത്തും സാഹസികത നിറഞ്ഞ ഒരു ദൃശ്യ വിരുന്നായിരിക്കും. ഒപ്പം മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ തരത്തിലുള്ള വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില്‍ നിങ്ങള്‍ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്കാണ് ഈ ചിത്രത്തിലൂടെ സഞ്ചരിക്കാൻ പോകുന്നത് സിനിമയുടെ ആശയം വിവരിച്ചുകൊണ്ട് സംവിധായകൻഡ ജയിംസ് കാമറൂൺ വെറൈറ്റിയോട് പറഞ്ഞു.
അതേസമയം അവതാര്‍ 3 - ല്‍ പുതിയ നാവി ഗോത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുമ്പ് പറഞ്ഞിരുന്നു. കാട്ടിലെയും വെള്ളത്തിലെയും ഗോത്ര വര്‍ഗത്തെ സിനിമയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇനി അഗ്നിയുമായി ബന്ധപ്പെട്ട നാവി ഗോത്ര വര്‍ഗത്തെ ആയിരിക്കും അടുത്ത ഭാഗത്തില്‍ അവതരിപ്പിക്കുക എന്നാണ് ജെയിംസ് കാമറൂണ്‍ പറഞ്ഞത്. ഇവരിലൂടെ നാവി ഗോത്രത്തിന്റെ മറ്റൊരു വശം പ്രേക്ഷകര്‍ക്ക് കാണിച്ച് തരുമെന്നും അന്ന് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.
'ആഷ് പീപ്പള്‍ എന്നായിരിക്കും അഗ്നിയുമായി ബന്ധപ്പെട്ട ഗോത്രത്തെ വിശേഷിപ്പിക്കുക. മറ്റൊരു ആങ്കിളില്‍ നിന്ന് എനിക്ക് നാവി ഗോത്രക്കാരെ കാണിക്കണം എന്നുണ്ട്. അവരുടെ നല്ല വശം മാത്രമെ ഞാന്‍ ഇതുവരെ കാണിച്ചിട്ടുള്ളു. ആദ്യ രണ്ട് ഭാഗങ്ങളിലും മനുഷ്യരാണ് പ്രശ്‌നക്കാര്‍. എന്നാല്‍ മൂന്നാം ഭാഗത്തില്‍ അതിന് വിപരീതമായാണ് ചിത്രീകരിക്കാന്‍ പോകുന്നത്', എന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു അവതാര്‍. ഇതിന്റെ തുടർച്ചയായാണ് പിന്നീട് അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങിയത്. നാവി എന്ന ആദിമ വര്‍ഗ്ഗം വസിക്കുന്ന പാന്‍റോറയിലേക്ക് റിസോഴ്‌സസ് ഡെവലപ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷൻ (ആർഡിഎ) വീണ്ടും അധിനിവേശത്തിന് എത്തുന്നതും അവരുമായുള്ള നാവികളുടെ പോരാട്ടവും തന്നെയായിരുന്നു അവതാർ: ദി വേ ഓഫ് വാട്ടറും അവതരിപ്പിച്ചത്. ഇതില്‍ പാന്‍റോറയിലെ കടല്‍ ജീവിതയും കാണിച്ചിരുന്നു.