'ബി​ഗിൽ സിനിമയിലെ രായപ്പൻ ആ മനുഷ്യനിൽ നിന്നും ഞാൻ പ്രചോദനം കൊണ്ട കഥാപാത്രമാണ്'; കോപ്പിയടി ആരോപണങ്ങളി‍ൽ മറുപടിയുമായി ആറ്റ്‌ലീ

'ബി​ഗിൽ സിനിമയിലെ രായപ്പൻ ആ മനുഷ്യനിൽ നിന്നും ഞാൻ പ്രചോദനം കൊണ്ട കഥാപാത്രമാണ്'; കോപ്പിയടി ആരോപണങ്ങളി‍ൽ മറുപടിയുമായി ആറ്റ്‌ലീ
Published on

രാജാറാണി, മെറസൽ, തെരി, ബി​ഗിൽ, ജവാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ആറ്റ്‌ലീ. അല്ലു അർജുനനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആറ്റ്‌ലീ. AA22 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവും ഉയർന്നിരുന്നു. ഹോളിവുഡ് ചിത്രമായ ഡ്യൂണിന്റെ പോസ്റ്ററിനോട് സമാനമാണ് ചിത്രത്തിന്റെ പോസ്റ്റർ എന്നതായിരുന്നു ആ ആരോപണത്തിന് കാരണം. മുമ്പും പലതവണ സോഷ്യൽ മീഡിയയിൽ ആറ്റ്‌ലീക്ക് നേരെ കോപ്പിയടി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതാ ഇപ്പോൾ അത്തരം ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ ആറ്റ്‌ലീ. താൻ ചെയ്യുന്ന സിനിമകൾക്കെല്ലാം എതിരെ കോപ്പിയടി ആരോപണങ്ങൾ വരാറുണ്ടെന്നും എന്നാൽ ജീവിതത്തിൽ താൻ കണ്ട കാര്യങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് താൻ സിനിമകൾ ചെയ്യാറുള്ളതെന്നും സത്യഭാമ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് എറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ ആറ്റ്‌ലീ പറഞ്ഞു.

ആറ്റ്‌ലീ പറഞ്ഞത്:

സാധാരണയായി ഞാൻ ചെയ്യുന്ന സിനിമകളെല്ലാം അവിടെ നിന്ന് എടുത്തതാണ് ഇവിടെ നിന്ന് എടുത്താതാണ് എന്നൊക്കെ പലരും പറയാറുണ്ട്. ഞാൻ ഇന്നൊരു സത്യം പറയാം. ഞാൻ ചെയ്ത സിനിമകളെല്ലാം ഞാൻ ജീവിതത്തിൽ കണ്ട കാര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഒരു ഉദാ​ഹരണം പറയുകയാണെങ്കിൽ ബി​ഗിൽ സിനിമയിലെ രായപ്പൻ എന്ന കഥാപാത്രം അത് ഞാൻ എന്റെ തലൈവറും എന്റെ ചാൻസലറുമായിരുന്ന JPR സാറിൽ നിന്നും പ്രചോദനം കൊണ്ടതാണ്. സ്പോർട്ട്സിന് വേണ്ടി അദ്ദേഹത്തെപ്പോലെ നിന്ന ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. നമ്മുടെ രാജ്യത്ത് തമിഴ്നാട്ടിൽ നിന്ന് എത്ര കായികതാരങ്ങൾ ഉണ്ടോ അതും പ്രത്യേകിച്ച് തിരുന്നൽവേലി, നാ​ഗർകോവിൽ ഭാഗത്ത് നിന്നും വന്നിട്ടുണ്ടോ അതിന് കാരണക്കാരൻ JPR സാർ ആണ്.

അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണ് അണിയറയിൽ ഒരുങ്ങുന്ന AA22. നടി ദീപിക പദുക്കോണാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in