'ചെറുത്, എന്നാൽ വലിയ സ്വാഗുള്ള റോളാണത്'; ടിക്കി ടാക്ക'യിലെ കഥാപാത്രത്തെക്കുറിച്ച് അതുല്യ ചന്ദ്ര

'ചെറുത്, എന്നാൽ വലിയ സ്വാഗുള്ള റോളാണത്'; ടിക്കി ടാക്ക'യിലെ കഥാപാത്രത്തെക്കുറിച്ച് അതുല്യ ചന്ദ്ര
Published on

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആസിഫ് അലി-രോഹിത് വിഎസ് ടീമിന്റെ ടിക്കി ടാക്ക എന്ന സിനിമയ്ക്കായി. ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് നടി അതുല്യ ചന്ദ്ര. തന്റേത് ഒരു ചെറിയ കഥാപാത്രമാണെങ്കിലും വലിയ ഇംപാക്ട് ആ റോളിന് ഉണ്ടാകുമെന്ന് അതുല്യ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അതുല്യ.

'റോഷന്‍ മാത്യുവിനൊപ്പം പത്മകുമാര്‍ സാറിന്റെ ഒരു സിനിമ ഞാന്‍ അഭിനയിച്ചു. അതൊരു ക്രൈം ത്രില്ലർ ചിത്രമാണ്. അതുപോലെ ആസിഫ് അലിയുടെ ടിക്കി ടാക്കയിലും ഞാന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയില്‍ ഒരു ബ്രീഫ് റോള്‍ ചെയ്തിട്ടുണ്ട്. ടിക്കി ടാക്കയില്‍ ഞാന്‍ കുറച്ചൊരു സ്വാഗുള്ള റോളാണ് ചെയ്തത്. ചെറിയ വേഷമാണെങ്കിലും അതും ഇംപാക്ടുള്ള റോളാണെന്ന് സംവിധായകന്‍ രോഹിത്ത് പറഞ്ഞിരുന്നു,' അതുല്യ ചന്ദ്ര പറഞ്ഞു.

'കള'യ്ക്ക് ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടിക്കി ടാക്ക. ആക്ഷന്‍ ഴോണറിലൊരുക്കുന്ന ചിത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വിഎസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക.

അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഗബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in