ഇന്നാണെങ്കില്‍ മമ്മൂട്ടി ഇങ്ങനൊരു ഡയലോഗ് പറയില്ല, ദുബായ് സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്

ഇന്നാണെങ്കില്‍ മമ്മൂട്ടി ഇങ്ങനൊരു ഡയലോഗ് പറയില്ല, ദുബായ് സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട വാണിജ്യസിനിമകളിലെ സ്ത്രീവിരുദ്ധവും, വംശീയ വിരുദ്ധവുമായ സംഭാഷണങ്ങള്‍ പിന്നീട് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. രണ്‍ജി പണിക്കര്‍ എഴുതിയതാണ് സംഭാഷണം. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ലെന്നും അശ്വതി ശ്രീകാന്ത്. മമ്മൂട്ടിയുടെ രവി മാമ്മന്‍ എന്ന നായക കഥാപാത്രം അഞ്ജലാ സാവേരി അവതരിപ്പിക്കുന്ന അമ്മു സ്വാമിനാഥനോട് പറയുന്നതാണ് ഡയലോഗ്.

എത്രയൊക്കെ ദൂരേക്ക് പറന്നാലും, വീണ്ടും ഇങ്ങോട്ട് തന്നെ തിരിച്ചുപോരേണ്ടിവരും. റിനൗണ്‍ഡ് ഡാന്‍സര്‍ അമ്മു സ്വാമിനാഥനായിട്ടല്ല, എന്റെ അടുക്കളക്കാരിയായിട്ട്, എന്റെ അടിച്ചുതളിക്കാരിയായിട്ട്. എന്താ വിരോധമുണ്ടോ അമ്മൂന്

അശ്വതി ശ്രീകാന്ത് എഴുതിയത്

ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേല്‍ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോള്‍ ഇത് കാണുന്ന എല്ലാവര്‍ക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്...നമ്മള്‍ മാറുന്നുണ്ട്. ഇനിയും മാറും

മമ്മൂട്ടിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെതിരെ പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും പ്രതികരിച്ചത് മുമ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മമ്മൂട്ടി ഫാന്‍സ് പാര്‍വതിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയത് പിന്നീട് കേസിലേക്കും നിയമനടപടിയിലേക്കും നീങ്ങി.

2001 സെപ്തംബര്‍ ഒന്നിന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ ദുബായ് കനത്ത പരാജയമായിരുന്നു. പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ച മലയാള സിനിമയുമായിരുന്നു ദുബായ്. ബിജു മേനോന്‍, എന്‍.എഫ്. വര്‍ഗീസ്, എന്നിവരും അഭിനയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in