ശാരീരിമായും മാനസികമായും ഉപദ്രവിച്ചു, ഗര്‍ഭിണിയാക്കി; ലിജു കൃഷ്ണക്കെതിരെ യുവതി

ശാരീരിമായും മാനസികമായും ഉപദ്രവിച്ചു, ഗര്‍ഭിണിയാക്കി; ലിജു കൃഷ്ണക്കെതിരെ യുവതി

സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി പീഡനത്തിനിരയായ യുവതി. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി രംഗത്ത് വന്നിരിക്കുന്നത്. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നത്. അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും - ശാരീരികമായും - ലൈംഗികമായും ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായി വല്ലാത്ത ട്രോമയിലൂടെ കടന്നുപോവുകയും ചെയ്തുവെന്നു യുവതി കൂട്ടിച്ചേര്‍ത്തു.

''സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.'' യുവതി കുറിച്ചു.

ഇരയാക്കപ്പെട്ട യുവതിയുടെ കുറിപ്പ്

2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന `പടവെട്ട്' എന്ന സിനിമയുടെനിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച് അയാള്‍ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറില്‍ എന്നെ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഫ്ളാറ്റില്‍കൊണ്ടുപോയത്. അവിടെ എത്തിയ ഉടന്‍ എന്റെ കണ്‍സെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആദ്യം എന്റെ യോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആര്‍ത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിര്‍ത്ത് നില്‍ക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത് വകവെക്കാതെയാണ് എന്റെ മേല്‍ അയാള്‍ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയില്‍ എന്റെ നടുവിന് ക്ഷതം സംഭവിച്ചു.

എന്നോടുള്ള സ്‌നേഹബന്ധം കൊണ്ടാണ് അയാള്‍ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല. പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമ താങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാന്‍ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളും സിനിമയുടെ പ്രശ്‌നങ്ങളും മൂലമാണ് മുന്‍പ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാന്‍ കഴിയാഞ്ഞതെന്നുംഅയാള്‍ക്കെന്നെ പിരിയാന്‍ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങള്‍ ആരോടെങ്കിലും അറിയിച്ചാല്‍ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്ണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നല്‍കി. അയാളുടെ ആവശ്യപ്രകാരം ഞാന്‍ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും അബോര്‍ഷന്‍ നടക്കുകയും നിര്‍ത്താതെയുള്ള ബ്ലീഡിങ് കാരണം എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉള്‍പ്പടെ ഞാന്‍ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്‌നങ്ങളുംഅവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണില്‍ അയാളുടെ സിനിമയുടെ ഷൂട്ടിങ്‌നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെ കുടുംബത്തോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാന്‍ അയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെന്ന് അയാള്‍ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ കിടക്കുന്ന മുറിയിലെത്തി അയാള്‍ എന്റെ ശരീരത്തില്‍ ബലപ്രയോഗം നടത്തി. ഞാന്‍ ബഹളമുണ്ടാക്കുന്നത് കണ്ട് അയാള്‍ പെട്ടെന്ന് മുറിയില്‍ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട് അയാളുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

പക്ഷെ ഞാന്‍ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താല്‍ പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ്‌പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്അയാള്‍ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, 'I love sex, I love your body' എന്നും 'കെട്ടിയിട്ട് ചെയ്യുന്നതാണ്‌റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല' എന്നും അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഞാന്‍ ഈ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ കൗണ്‍സലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയുമുണ്ടായി. പക്ഷെ ഈ ടോക്‌സിക് ബന്ധത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്പ്പെടുത്തി. എന്റെ തൂക്കം 60 kg യില്‍ നിന്ന് 32 kg യില്‍ എത്തി. ഇപ്പോള്‍ നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയില്‍ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ ആണ്ഞാന്‍ ഇപ്പോള്‍ കഴിയുന്നത്.

2020 മുതല്‍ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്' എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികള്‍എന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകള്‍ എഴുതുക, ഗാനരംഗത്തിന്റെ സ്‌ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതില്‍പ്പെടുന്നു. 2021 മെയ് മാസത്തില്‍ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാര്‍ഡ് കോപ്പിയായി അയാള്‍ കൈപ്പറ്റുകയുംചെയ്തു.

എന്റെ അറിവില്‍ ഞാന്‍ തയ്യാറാക്കി കൊടുത്ത കാര്യങ്ങള്‍ തന്നെയാണ് അയാള്‍ സിനിമയില്‍ തുടര്‍ന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകള്‍ എന്റെ പക്കല്‍ഉണ്ട്. സിനിമക്ക് വേണ്ടി ഞാന്‍ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണല്‍ രീതിയിലുള്ള അംഗീകാരവും നല്‍കിയിട്ടില്ല. എന്റെ ലൈംഗികതയില്‍ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകന്‍ രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഈ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാന്‍ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി. എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവര്‍ത്തി എന്നില്‍ കടുത്ത മനോവേദനയും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാന്‍ ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


NB- എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബര്‍ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമെന്റുകള്‍ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in