മഞ്ഞുമ്മൽ ബോയ്സിലെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രത്തിന് വേണ്ടി തന്നെ പരിഗണിച്ചിരുന്നുവെന്ന് നടൻ ആസിഫ് അലി. ചിദംബരവും താനും അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതൽ തങ്ങൾ തമ്മിൽ ചർച്ചകൾ നടക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ചിദംബരം- ജിതു മാധവൻ ചിത്രത്തിൽ ആസിഫ് അലിയാണോ നായകൻ എന്ന ചോദ്യത്തിന് സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് താൻ അതിനെക്കുറിച്ച് അറിഞ്ഞത് എന്നാണ് ആസിഫ് അലി പ്രതികരിച്ചത്. ചിദംബരവുമായി ചേർന്ന് സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും ചിലപ്പോൾ അത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആസിഫ് അലി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ആസിഫ് അലി പറഞ്ഞത്:
ചിദംബരവും ജിതുവും ഒരുമിച്ചുള്ള സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ഞാൻ അവനെ വിളിച്ചിരുന്നു. ഇത് ഹിന്ദിയാണോ മലയാളമാണോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. ചിദംബരത്തിന്റെ ആദ്യത്തെ സിനിമ മുതൽ എല്ലാ സിനിമകളും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു. പിന്നീട് പല ചർച്ചകളിലായി ആ സിനിമയ്ക്ക് അതൊരു ബാധ്യതയാവും എന്ന രീതിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ആ കഥാപാത്രം മാറുകയായിരുന്നു. ചിദംബരവുമായി സിനിമ സംസാരിക്കാനും പ്ലാൻ ചെയ്യാനും വേണ്ടി ഇരിക്കാറുണ്ട്. ചിലപ്പോൾ അത് സംഭവിക്കാം. ചിദംബരവും ഗണപതിയും എന്റെ അടുത്ത സുഹൃത്തുക്കളാണ്.
ചിദംബരവും ജിതു മാധവനും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ചിദംബരത്തിന്റെ സംവിധാനത്തിൽ ജിതു മാധവൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ ഹൗസായ കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ദളപതി 69, ഗീതു മോഹൻ ദാസ് - യഷ് ചിത്രം ടോക്സിക്ക് എന്നീ ചിത്രങ്ങൾ നിർമിക്കുന്ന പ്രൊഡക്ഷൻ കമ്പനിയാണ് കെവിഎൻ പ്രൊഡക്ഷൻസ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രം 2025 റിലീസിനെത്തും. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷൻ ആണ്. കലാസംവിധാനം നിർവഹിക്കുന്നത് അജയൻ ചാലിശേരിയാണ്. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് സിനിമയിലെ മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പേരോ അഭിനേതാക്കളുടെ വിവരണങ്ങളോ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.