സൗഹൃദവും കുടുംബവുമൊക്കെയായി മൊത്തത്തിൽ ഒരു ഫീൽ‌ ​ഗുഡ് വൈബ്, സർക്കീട്ടുമായി ആസിഫ് അലി എത്തുന്നു

സൗഹൃദവും കുടുംബവുമൊക്കെയായി മൊത്തത്തിൽ ഒരു ഫീൽ‌ ​ഗുഡ് വൈബ്, സർക്കീട്ടുമായി ആസിഫ് അലി എത്തുന്നു
Published on

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ട് അണിയറപ്രവർത്തകർ. സർക്കീട്ട് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഇത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിലിൽ റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നതും. സൗഹൃദം കുടുംബം തുടങ്ങിയ തലങ്ങളിൽ നിന്നു കൊണ്ട് ഒരു ഫീൽ ​ഗുഡ‍് കഥ പറയുന്ന ചിത്രമായിരിക്കും സർക്കീട്ട് എന്ന സൂചനയാണ് അണിയറ പ്രവർത്തകർ തരുന്നത്.

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സർക്കീട്ട്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ തരുന്നത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.

താമർ സംവിധാനം ചെയ്ത ആ​ദ്യ ചിത്രമായ "ആയിരത്തൊന്നു നുണകൾ" വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 'സർക്കീട്ടി'ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അയാസ് ഹസൻ ആണ്, സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ്, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം - അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in