രേഖാചിത്രത്തിൽ അഭിനയിച്ച ഒരു സഹ അഭിനേതാവിന്റ രംഗം കട്ടു ചെയ്തതിൽ ക്ഷമ ചോദിച്ച് നടൻ ആസിഫ് അലി. ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. തിയറ്റർ വിസിറ്റ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒരു ചേച്ചി ഭയങ്കരമായി കരയുന്നത് താൻ കണ്ടതെന്നും സിനിമ കണ്ട് കരഞ്ഞതാവും എന്നു കരുതി അടുത്തേക്ക് പോയപ്പോഴാണ് സിനിമയിൽ സീൻ ഇല്ലാതെ പോയതിലാണ് അവർ കരയുന്നതെന്ന് മനസ്സിലായത് എന്നും ആസിഫ് അലി പറഞ്ഞു. രേഖാചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് ആസിഫ് അലി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഒപ്പം അടുത്ത സിനിമയിൽ ആ ചേച്ചിക്ക് അവസരം നൽകുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
ആസിഫ് അലി പറഞ്ഞത്:
രേഖാചിത്രത്തിൽ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു, സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാൻ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനിൽ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോൾ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനിൽ അഭിനയിച്ചിരുന്നു. പല സമയത്തും ഷൂട്ട് ചെയ്ത അത്രയും നമുക്ക് ഫൈനൽ എഡിറ്റിലേക്ക് കൊണ്ടുവരാൻ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വൻസ് എഡിറ്റിൽ പോയി. ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാൻ വന്നിരുന്നു. ചേച്ചി സിനിമയിൽ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോൾ ആണ് അവർ മനസ്സിലാക്കുന്നത്. അത് അവർക്ക് ഒത്തിരി വിഷമം ഉണ്ടാക്കി. ഇനി ഞങ്ങളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം വരും ദിവസങ്ങളിൽ ചിത്രത്തിൽ നിന്നും എഡിറ്റ് ചെയ്ത സീൻ സോഷ്യൽ മീഡിയയിൽ പ്രമോഷന്റെ ഭാഗമായി റീലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഉടനെ തന്നെ ആ ചേച്ചിക്ക് മികച്ചൊരു വേഷം ഞങ്ങളെക്കൊണ്ട് പറ്റുന്നൊരു സിനിമയിൽ കൊടുക്കുന്നതായിരിക്കും.
സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് പറയുന്ന ഒരു സിനിമയിൽ തന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു തെറ്റുപറ്റിയതിൽ വിഷമമുണ്ടെന്നും പലരും സിനിമയെപ്പറ്റി നല്ലത് പറഞ്ഞിട്ടും ഈ കാരണം കൊണ്ട് തനിക്ക് അതൊന്നും ആസ്വദിക്കാൻ സാധിച്ചില്ലെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോയും പറഞ്ഞു. സീൻ കട്ട് ചെയ്തു എന്ന കാര്യം അറിയിക്കാതെ പോയത് തന്റെ ഭാഗത്തു നിന്നും വന്ന തെറ്റാണെന്നും ആ ചേച്ചി അഭിനയിച്ച സീൻ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിക്കുമെന്നും രേഖാചിത്രം ടീം കൂട്ടിച്ചേർത്തു.
ആസിഫ് സുലേഖയെ കണ്ട് ക്ഷമ ചോദിക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. രംഗം ഡിലീറ്റ് ചെയ്തു പോയതിൽ വിഷമിക്കരുതെന്നും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാം എന്നും ആസിഫ് അലി വീഡിയോയിൽ സുലേഖയോട് പറയുന്നുണ്ട്.