'ഭ്രമയു​ഗം ചെയ്യാമെന്ന് തീരുമാനിക്കാൻ ഒരു ധൈര്യം വേണം'; മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അതെന്ന് ആസിഫ് അലി

'ഭ്രമയു​ഗം ചെയ്യാമെന്ന് തീരുമാനിക്കാൻ ഒരു ധൈര്യം വേണം'; മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അതെന്ന് ആസിഫ് അലി

ഭ്രമയു​ഗം എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതല്ല കമ്മിറ്റ്മെന്റുകൾ കാരണം ചെയ്യാൻ കഴിയാതെ പോയതാണ് എന്ന് നടൻ ആസിഫ് അലി. ചിത്രത്തിൽ അർജുൻ അശോകൻ ചെയ്യുന്ന കഥാപാത്രത്തിനായി ആദ്യം തെരഞ്ഞെടുത്തത് ആസിഫ് അലിയെ ആയിരുന്നല്ലോ പിന്നെ എന്തുകൊണ്ടാണ് അതിൽ നിന്നും പിന്മാറാൻ കാരണം എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് ആസിഫ് അലിയുടെ ഉത്തരം. ഭ്രമയു​ഗത്തിലെ കഥാപാത്രം ചെയ്യാൻ കഴിയാതെ പോയതിൽ വിഷമമുണ്ട് എന്നും മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയു​ഗം എന്നും ആസിഫ് അലി പറഞ്ഞു. കാസർ​ഗോൾഡ് എന്ന് ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഭ്രമയു​ഗം. ഒരു ഹൊറർ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആസിഫ് അലി പറഞ്ഞത്

"ഭ്രമയുഗത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ഞാൻ ഒഴിവാക്കിയതേയല്ല. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ ആ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാണ്. ഒരു സിനിമയ്ക്കുവേണ്ടി മമ്മൂക്ക താടി വളർത്തുന്നുണ്ട്. അതിൻറെ തുടർച്ചയായി ഈ സിനിമ ചെയ്യാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വിചാരിച്ചതിനെക്കാൾ മുന്നേ അത് നടക്കുകയും ചെയ്തു. വേറൊരു കമ്മിറ്റ്മെൻറ് ഉള്ളതുകൊണ്ട് എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയില്ല. എനിക്ക് ഒരുപാട് വിഷമമുണ്ട്. ആ സിനിമയെ വിലയിരുത്തി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂക്ക സമ്മതിച്ചു എന്ന് പറയുന്നത് എത്രത്തോളം ആവേശമുള്ള നടനാണ് അദ്ദേഹമെന്ന് എനിക്ക് മനസിലാക്കിത്തന്നെ കാര്യമാണ്. ആ സിനിമ ചെയ്യാമെന്ന് തീരുമാനിക്കാൻ ഒരു ധൈര്യം വേണം. അദ്ദേഹം കാണിച്ചു എന്നുള്ളത് നമുക്ക് ഒക്കെ വളരെ പ്രചോദനമാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്",

"ഞാൻ ഈ സിനിമയെപ്പറ്റി കൂടുതൽ സംസാരിക്കാൻ പാടില്ല പക്ഷേ ഈ സനിമ മുഴുവൻ കേൾക്കുകയും സ്ക്രിപ്റ്റ് വായിക്കുകയും ചെയ്തു. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷേ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ ഇന്ററസ്റ്റിങ്ങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും. ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് കരുതിയ സിനിമ കൂടിയാണ് അത്. അത് അർജുൻറെ അടുത്തേക്ക് തന്നെ പോയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഉറപ്പായിട്ടും അർജുന്റെ ഒരു നെക്സ്റ്റ് ലെവൽ ആയിരിക്കും ഈ സിനിമയോടു കൂടി കാണാനാവുന്നത്.''

കറ പിടിച്ച പല്ലുകളും നര വീണ മുടിയുമായി നി​ഗൂഢത നിറഞ്ഞ ചിരിയോടെ മുഖത്തിന്റെ പകുതി മാത്രം വെളിപ്പെടുത്തിയ ഭ്രമയു​ഗത്തിന്റെ പോസ്റ്റർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ​അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ഭ്രമയു​ഗം നിർമിക്കുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ഭ്രമയുഗം'. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in