രേഖാചിത്രത്തിന്റെ ക്ലൈമാക്സിൽ മമ്മൂട്ടി വരുത്തിയ മാറ്റത്തെക്കുറിച്ച് നടൻ ആസിഫ് അലി. സിനിമയുടെ അവസാനത്തിൽ ''പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി'' എന്നായിരുന്നു ആദ്യം ഡബ്ബ് ചെയ്തിരുന്നത് എന്നും എന്നാൽ മമ്മൂട്ടി എന്നതിന് പകരം മമ്മൂട്ടി ചേട്ടൻ എന്ന് മാറ്റണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്നും ആസിഫ് അലി പറയുന്നു. അദ്ദേഹം യാത്ര പോകുന്ന ദിവസം രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയിൽ എത്തിയാണ് ആ സീൻ റീ ഡബ്ബ് ചെയ്തത്. അത്രത്തോളം സമർപ്പണവും പാഷനും അദ്ദേഹത്തിന് സിനിമയോടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
ആസിഫ് അലി പറഞ്ഞത് :
രേഖാചിത്രത്തിൽ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂക്ക ഒരു ഇന്റർനാഷ്ണൽ ട്രിപ്പ് പോകുന്നതിന്റെ തലേ ദിവസം രാത്രിയിലാണ് അദ്ദേഹം ജോഫിന് മെസേജ് അയച്ച് വെളുപ്പിന് 6 മണിക്ക് ഡബ്ബിംഗ് കറക്ഷൻ ഉണ്ട് വരണം എന്നു പറഞ്ഞത്. അദ്ദേഹം ഗസ്റ്റ് അപ്പീയറൻസിൽ അഭിനയിച്ച ഒരു പടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ആലോചിക്കണം. ഇത് മനസ്സിലിട്ട് അദ്ദേഹം ആലോചിച്ചു എന്നുള്ളതാണ്. യാത്രപോകുന്ന ദിവസം രാവിലെ അദ്ദേഹം അഞ്ചര മണിക്ക് എത്തി ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴുമണിക്ക് എയർപോട്ടിലേക്ക് പോയി. ആ കമ്മിറ്റ്മെന്റ് നമ്മൾ ആലോചിക്കണം. ആ സിനിമയോടുള്ള പാഷനാണ് അത്. മമ്മൂട്ടി എന്നതിൽ നിന്ന് മമ്മൂട്ടി ചേട്ടൻ എന്ന് ആ ഡയലോഗ് മാറ്റി പറയണമെന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തിനെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ ഒരുക്കിയ ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണ്. തിയറ്ററിലെത്തി രണ്ടാം വാരം പിന്നിടുമ്പോൾ 33 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. രേഖാചിത്രത്തിൽ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.