'സോ കോള്‍ഡ് റിയലസ്റ്റിക് സിനിമകളാണ് പ്രശ്‌നം'. കെ.ജി.എഫ് മലയാളത്തില്‍ ആയിരുന്നെങ്കില്‍ സ്വീകരിക്കപ്പെടില്ലെന്ന് ആസിഫ് അലി

'സോ കോള്‍ഡ് റിയലസ്റ്റിക് സിനിമകളാണ് പ്രശ്‌നം'. കെ.ജി.എഫ് മലയാളത്തില്‍ ആയിരുന്നെങ്കില്‍ സ്വീകരിക്കപ്പെടില്ലെന്ന് ആസിഫ് അലി

സോ കോള്‍ഡ് റിയലിസ്റ്റിക് സിനിമകളാണ് മലയാള സിനിമാ വ്യവസായം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നെന്ന് നടന്‍ ആസിഫ് അലി. മറ്റ് ഇന്‍ഡസ്ട്രികളെ നോക്കിയാല്‍ പ്രേക്ഷകര്‍ക്ക് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് നല്‍കുന്ന ആര്‍.ആര്‍.ആര്‍, ബാഹുബലി പോലുള്ള സിനിമകള്‍ സംഭവിക്കുന്നുണ്ട്, കെജിഎഫ് പോലൊരു സിനിമ മലയാളത്തില്‍ ചെയ്താല്‍ മലയാളി ഓഡിയന്‍സ് സ്വീകരിക്കില്ലെന്നും ആസിഫലി. ഒരു ഹീറോ ഇരുന്നൂറ് പേരെ ഇടിച്ചിടുന്ന തരത്തിലുള്ള സിനിമകള്‍ മലയാളത്തിലുണ്ടായാല്‍ ഇവിടെയുള്ള പ്രേക്ഷകര്‍ക്ക് അത് അംഗീകരിക്കാനാകില്ല. അതേ സമയം മറ്റൊരു ഇന്‍ഡസ്ട്രി അത് ചെയ്താല്‍ അത് ഓകെയുമാണ്. മലയാളികള്‍ ചിന്തിക്കുന്നതും ചെയ്യുന്നതും വ്യത്യസ്ഥ സ്വഭാവമുള്ള സിനിമകളാണ്. ആ ഘട്ടം അവസാനിക്കുകയാണെന്നും കൂടുതല്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് നല്‍കുന്ന സിനിമകളിലേക്ക് മലയാളികളും പതുക്കെ എത്തിക്കൊണ്ടിരിക്കുകയാണെന്നും ആസിഫലി. മിഡ് ഡേ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫലിയുടെ പ്രതികരണം.

ആളുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ ജീവിത്തിലെ പ്രശ്നങ്ങള്‍ ഓണ്‍ സ്‌ക്രീനില്‍ കാണാന്‍ തുടക്ക കാലത്ത് ഇഷ്ടമായിരുന്നു. പക്ഷേ ഒരു ദിവസത്തിന്റെ അവസാനം ഒരാള്‍ സിനിമ കാണാന്‍ എത്തുന്നത് വിനോദത്തിന് വേണ്ടിയിട്ടാണ്. റിയലിസ്റ്റിക് സ്വഭാവത്തില്‍ നമ്മള്‍ അത്തരമൊരു എന്റര്‍ടെയിന്‍മെന്റ് ഫാക്ടര്‍ കുറച്ചൊക്കെ നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ വൈറസ് എന്ന സിനിമയും 2018 എന്ന സിനിമയും ചെയ്തു. ആദ്യത്തേത് വളരെ റിയലസ്റ്റിക്ക് ആയിട്ടുള്ളതും രണ്ടാമത്തേത് സിനിമാറ്റിക് എലമെന്റോട് കൂടിയതുമാണ്. 2018 എന്ന സിനിമയില്‍ പ്രേക്ഷകന് ഒരുപാട് രോമാഞ്ചം ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നു. അത് തിയറ്ററുകളില്‍ വര്‍ക്കായി ആസിഫ് അലി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

'2018' എന്ന ചിത്രമാണ് ഒടുവിലായി ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യത്തെ 150 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. 22 ദിവസം കൊണ്ടാണ് ആഗോള കളക്ഷനില്‍ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' 150 കോടിക്ക് മുകളിലെത്തിയത്.ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 7 ന് സോണി ലൈവിലൂടെ ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത കാസര്‍ ഗോള്‍ഡ്, ബിജു മേനോനൊപ്പം നായക വേഷത്തിലെത്തുന്ന ജിസ് ജോയ് ചിത്രം എന്നിവയാണ് വരാനിരിക്കുന്ന ആസിഫലി സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in