
സിനിമയെ വളരെ ഓർഗാനിക്കായി സമീപിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് നടൻ ആസിഫ് അലി. കൂമൻ എന്ന അദ്ദേഹത്തിന്റെ സിനിമയിൽ വിളിക്കുമ്പോൾ താൻ ഒരു ജീത്തു ജോസഫ് സിനിമയിൽ അഭിനയിക്കാൻ യോജിച്ച ഒരാളാണ് എന്ന് തോന്നിയിരുന്നില്ല. അതേ വ്യക്തിയുടെ കൂടെ വീണ്ടും സിനിമ ചെയ്യൻ അവസരം ലഭിക്കുന്നു എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നും ആസിഫ് അലി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ആസിഫ് അലിയുടെ വാക്കുകൾ
കൂമനിലേക്ക് എന്നെ വിളിക്കുമ്പോൾ ഞാനൊരു ജീത്തു ജോസഫ് സിനിമയിൽ അഭിനയിക്കാൻ യോജിച്ച ഒരാളാണ് എന്ന് എനിക്ക് പേഴ്സണലി ഫീൽ ചെയ്തിട്ടില്ല. കാരണം, ആ സമയത്ത് ഗംഭീര പെർഫോമൻസുകളോ സിനിമകളോ എന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. കൂമന്റെ ചില സീനുകൾ ഷൂട്ട് ചെയ്തതിന് ശേഷം ഞാൻ അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞത്, ഈ സിനിമയുടെ മൊത്തം സ്ക്രീൻപ്ലേ എഴുതിയതിന് ശേഷം നായക വേഷം ചെയ്യാൻ ഏറ്റവും യോജ്യനായിട്ടുള്ള ആൾ ആസിഫാണ് എന്ന് തോന്നിയത് കൊണ്ടാണ് സമീപിച്ചത് എന്നാണ്. സിനിമയെ അത്രയും ഓർഗാനിക്കലി സമീപിക്കുന്ന ഒരു സംവിധായകനാണ് ജീത്തു ജോസഫ്. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തൊരു പ്രോജക്ടിൽ കൂടി എന്നെ ഭാഗമാക്കുമ്പോൾ വളരെയധികം സന്തോഷത്തോടെ ഞാനത് സമ്മതിക്കുകയായിരുന്നു.
ജീത്തു ജോസഫിന്റെ വാക്കുകൾ
ആസിഫുമായി വർക്ക് ചെയ്യാൻ ഭയങ്കര കംഫർട്ടബിളാണ്. സിനിമ എന്നതിലുപരി ഞങ്ങൾ കടന്നുവന്ന ജീവിത സാഹചര്യങ്ങളും കുടുംബവും എല്ലാം ഏകദേശം സാമ്യതയുള്ളതാണ്. പിന്നെ, ഒരു കാര്യം പറഞ്ഞാൽ മനസിലാവുകയും ഒരു മറയും കൂടാതെ തുറന്നു പറയുകയും ചെയ്യുന്ന ആളുകളാണ് നമ്മൾ രണ്ടുപേരും. ആസിഫ് എന്റെയൊരു നല്ല സുഹൃത്താണ് എന്നതുകൊണ്ടല്ല മിറാഷിൽ അദ്ദേഹത്തിനെ ഞാൻ കാസ്റ്റ് ചെയ്യുന്നത്. ഞാൻ അദ്ദേഹത്തിന്റെ ഫാമിലി ഫ്രണ്ടിനെ പോലെയാണ് എന്നതുകൊണ്ടല്ല അദ്ദേഹം അഭിനയിക്കാൻ വരുന്നത്. അതിനെല്ലാം അടിസ്ഥാനം സിനിമയാണ്.