'രാജീവേട്ടന്‍ എന്ന എക്സൈറ്റ്മെന്റ്, ഈ രൂപം വച്ച് പൊലീസ് ഓഫീസറാകുന്നതിലെ കോണ്‍ഫിഡന്‍സ് കുറവുണ്ടായിരുന്നു': ആസിഫ് അലി

'രാജീവേട്ടന്‍ എന്ന എക്സൈറ്റ്മെന്റ്, ഈ രൂപം വച്ച് പൊലീസ് ഓഫീസറാകുന്നതിലെ കോണ്‍ഫിഡന്‍സ് കുറവുണ്ടായിരുന്നു': ആസിഫ് അലി

അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയിലെ സി.ഐ എന്ന് ആസിഫലി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ഐക്കണിനൊപ്പം സിനിമ ചെയ്യാനായി എന്നത് കൂടിയാണ് ആ സിനിമ ചെയ്യുമ്പോഴുള്ള എക്സൈറ്റ്മെന്റ്.

തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും. തിരക്കഥ ഒരുക്കിയിരിക്കുന്നത് സിബി തോമസും മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പൊലീസ് അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ആസിഫ് അലി ആദ്യമായി അഭിനയിക്കുന്ന രാജീവ് രവി ചിത്രം കൂടിയാണിത്. കാന്‍ ചാനലിലാണ് ആസിഫലിയുടെ പ്രതികരണം.

ആസിഫലിയുടെ വാക്കുകള്‍:

'ആദ്യമായിട്ടാണ് ഞാന്‍ സിഐ റാങ്കില്‍ ഒരു പൊലീസുകാരനാവുന്ന സിനിമ ചെയ്യുന്നത്. കുറ്റവും ശിക്ഷയിലേക്ക് വരുമ്പോള്‍ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ് എന്ന് പറയുന്നത് ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയിലെ തന്നെ ഒരു ഐക്കണായ രാജിവ് രവിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നു എന്നതായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും അദ്ദേഹത്തിന് സിനിമകളോടുള്ള സമീപനവുമെല്ലാം തന്നെ നമ്മളെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഘടകങ്ങളാണ്. അങ്ങനെ രാജീവ് ഏട്ടന്റെ കൂടെ വര്‍ക്ക് ചെയ്തു. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ ഫിഗര്‍ കൂടിയാണ്. അത് വലിയൊരു അനുഭവം തന്നെയായിരുന്നു.

ഒരു പൊലീസ് ഓഫീസര്‍ അദ്ദേഹത്തിന്റെ സെര്‍വ്വീസ് സ്റ്റോറി പറയുമ്പോള്‍ അത് വളരെ സത്യസന്ധമായിരിക്കും. ഒരു എഴുത്തുകാരന്റെ സങ്കല്‍പ്പത്തില്‍ ഉണ്ടാകുന്നതിനേക്കാള്‍ റിയലായ സന്ദര്‍ഭങ്ങള്‍ ആ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമ ചെയ്യുന്ന സമയത്ത് മുഴുവനും സിബി സര്‍ സെറ്റിലുണ്ടായിരുന്നു. നമ്മള്‍ സെല്യൂട്ട് ചെയ്യുന്ന കാര്യവും, തോക്ക് പിടിക്കുന്ന രീതിയുമെല്ലാം സിബി സര്‍ കാണിച്ച് തന്നിട്ടുണ്ട്.

ഈ വലിപ്പത്തില്‍ നിന്ന് കൊണ്ടൊരു പൊലീസ് ഓഫീസറാകുന്ന കാര്യത്തില്‍ ആത്മവിശ്വാക്കുറവ് ഉണ്ടായിരുന്നു. അപ്പോള്‍ സിബി സര്‍ എന്നോട് നീ എന്നെ നോക്കൂ, എന്റെ കഥ പറയുമ്പോള്‍ എനിക്ക് ഇങ്ങനെ ഒരാളെയാണ് വേണ്ടതെന്ന് പറഞ്ഞു. രാജീവേട്ടന്‍ നന്നായി സഹായിച്ചു. സിനിമയില്‍ എപ്പോഴും കാര്‍ത്തിയും, സൂര്യയും അവതരിപ്പിച്ച പൊലീസ് ഓഫീസര്‍മാരെയാണ് പ്രേക്ഷകര്‍ക്ക് പരിചയം, അതുകൊണ്ടായിരുന്നു ആത്മവിശ്വാസക്കുറവ്.'

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ എസ്.ഐയെ അവതരിപ്പിച്ച അഭിനേതാവ് കൂടിയാണ് സിബി തോമസ്. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍ ലേ ലോപസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, ദിനേഷ് പ്രധാന്‍, ദശ്രാജ് ഗുജാര്‍, പുജാ ഗുജര്‍, സഞ്ജയ് വിരോധി, മഹേശ്വരി ഷെഖാവത്, മനോ ജോസ്, മധുസൂധന്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സുരേഷ് രാജനാണ് ക്യാമറ. അരുണ്‍ കുമാര്‍ വി.ആര്‍ ആണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in