'കുറ്റവും ശിക്ഷയും ഒരു പോലീസ് കഥയാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പാളി'; ആസിഫ് അലി

'കുറ്റവും ശിക്ഷയും ഒരു പോലീസ് കഥയാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പാളി'; ആസിഫ് അലി

കുറ്റവും ശിക്ഷയിലെ സി ഐ സാജനിലേക്ക് എത്തുവാൻ അയാളുടെ ഭൂതകാലവും, അയാളുടെ കണ്ണുകളിലെ വിഷമവും തുടങ്ങിയ ഡീറ്റെയ്‌ലിംഗ് ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ആസിഫ് അലി ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ആദ്യം കഥകേട്ടപ്പോൾ ഒരു 'സൂപ്പർ കോപ്' സിനിമയായിരിക്കുമെന്ന് വിചാരിച്ചുവെന്നും തന്നെക്കൊണ്ട് അത് ചെയ്ത ഫലിപ്പിക്കുവാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നും ആസിഫ് അലി കൂട്ടിചേർത്തു.

ആസിഫ് അലിയുടെ വാക്കുകൾ

വൈറസ് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാൻ രാജീവേട്ടനെ പരിചയപ്പെടുന്നത്. ഒരു ദിവസം രാജീവേട്ടൻ എന്റെയടുത്ത് പറഞ്ഞു നമ്മുക്കൊരു സിനിമ ചെയ്യണമെന്ന്. പിന്നീട് ഞാൻ തന്നെ രാജീവേട്ടന് മെസ്സേജ് ഒക്കെ അയച്ച് 'ഫോള്ളോ - അപ്പ്' ചെയ്യാൻ തുടങ്ങി. അങ്ങനെയൊരു ദിവസം രാജീവേട്ടൻ വിളിച്ചിട്ട് സിബി തോമസ് ഒരു സബ്ജക്ട് പറയും ആസിഫ് ഒന്ന് കേട്ടുനോക്ക്, ഓക്കെയാണെങ്കിൽ നമുക്കത് പ്ലാൻ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ആണെങ്കിൽ കേൾക്കണ്ട ആവശ്യം പോലുമില്ല എന്ന രീതിയിൽ ആയിരുന്നു. പക്ഷെ ഞാൻ എന്റെ കരിയറിന്റെ ഒരു പോയിന്റിൽ എടുത്ത തീരുമാനമുണ്ട്. എനിക്ക് മുഴുവൻ തിരക്കഥയും വായിച്ച് തൃപ്തി വന്നാൽ മാത്രമേ ഞാൻ സിനിമ ചെയ്യുള്ളു. അപ്പോൾ അതിന്റെ വിജയമാണെങ്കിലും പരാജയമാണെങ്കിലും എന്റെ ചോയ്‌സാണ്.

അങ്ങനെ ഞാൻ സിബി സാറിനെ വിളിച്ചപ്പോൾ ആദ്യം തന്നെ ഇതൊരു പോലീസ് കഥയാണെന്ന് പറഞ്ഞപ്പോൾ ഞാൻ പാളി. എന്റെ മനസിലുള്ളത് സോ കോൾഡ് 'സൂപ്പർ കോപ്' കാരക്ടറാണ്. ഞാൻ ആണെങ്കിൽ അതിനുള്ളൊരു വലുപ്പമുള്ളൊരാളല്ല. പിന്നീട് സിബി സാർ ഇതിന്റെ ബാക്കി കഥ പറയുകയും അദ്ദേഹം ചാനലിൽ കൊടുത്തൊരു ഇന്റർവ്യൂവിന്റെ ലിങ്ക് എനിക്ക് അയച്ച് തരുകയും ചെയ്തു. ഞാൻ ഇത് മുഴുവനും കേട്ട് വർക്ക് ചെയ്യാമെന്ന് പറഞ്ഞെങ്കിലും എന്റെ മനസ്സിൽ പോലീസ് സ്റ്റോറി എന്നത് കിടപ്പുണ്ട്. 5 ദിവസം കഴിഞ്ഞ് സിബി സർ എന്നെ കാണാൻ വന്നു. ഞാൻ വാതിൽ തുറക്കുമ്പോൾ സിബി സാറിനെ കണ്ടതും ഞാൻ ഓക്കേ ആയി. ഇദ്ദേഹം യൂണിഫോമിൽ അല്ലെങ്കിൽ ഒരു സാധാരണക്കാരനാണ്. അങ്ങനെ തന്നെയാണ് ഒരു പോലീസ് ഓഫീസറെ നമ്മൾ റിയൽ ലൈഫിൽ കാണുന്നത്.

പിന്നീട് രാജീവേട്ടനുമായുള്ള സംസാരങ്ങളിൽ നിന്ന് മനസിലായി ഒരു സോ കോൾഡ് ഹീറോയെ അല്ല അദ്ദേഹത്തിന് വേണ്ടത്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്ന സമയത്ത് സി ഐ സാജനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ, അയാളുടെ ഭൂതകാലത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ, അയാളുടെ കണ്ണുകളിൽ എപ്പോഴുമൊരു വിഷമമുണ്ട് എന്ന് അറിഞ്ഞപ്പോൾ, അത്തരത്തിലുള്ള ഡീറ്റെയ്‌ലിംഗ് കൂടുതൽ ലഭിച്ചപ്പോൾ സി ഐ സാജൻ ആകുവാനുള്ള ആകാംഷ കൂടി. പിന്നെ സിനിമയുടെ തിരക്കഥയും രാജീവേട്ടന്റെ ഇന്റർപ്രട്ടേഷനും കൂടിയായപ്പോൾ കഥാപാത്രമാകുവാൻ ഞാൻ തയ്യാറായി.

Related Stories

No stories found.
logo
The Cue
www.thecue.in