
ഒരു കഥയ്ക്കുള്ളിൽ തന്നെ ഒരുപാട് ജോണറുകൾ വരുന്ന സിനിമയാണ് ഒരു റൊണാൾഡോ ചിത്രം എന്ന് നടൻ അശ്വിൻ ജോസ്. കഥ നരേറ്റ് ചെയ്യാനല്ല, മറിച്ച് ഫുൾ സ്ക്രിപ്റ്റ് എടുത്ത് തരാനാണ് സംവിധായകൻ ആദ്യം തന്നെ മുതിർന്നത്. പൊതുവെ കോമഡി പറയാൻ വേണ്ടി മാത്രമുള്ള കഥാപാത്രങ്ങൾക്കാണ് തന്നെ വിളിക്കാറെന്നും ഇത്രയും ഡെപ്ത്തുള്ള കഥാപാത്രം തനിക്ക് വരുന്നത് വിരളമാണെന്നും അശ്വിന് ജോസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അശ്വിൻ ജോസിന്റെ വാക്കുകൾ
ഒരു ഫിലിം മേക്കറുടെ ജേണി ഈ സിനിമയിലുണ്ട് എന്ന് സംവിധായകൻ ആദ്യമേ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, കഥ കേൾക്കാമെന്ന്. പക്ഷെ അദ്ദേഹം കഥ പറയാനല്ല നിന്നത്, ഒരു വലിയ ബൗണ്ടഡ് സ്ക്രിപ്റ്റ് എടുത്ത് കയ്യിൽ തരികയാണ് ചെയ്തത്. എനിക്കാണെങ്കിൽ, വായനാശീലം ഒട്ടുമില്ലാത്ത കൂട്ടത്തിലാണ്. എന്റെ സിനിമയുടെ സ്ക്രിപ്റ്റ് പോലും തുടക്കത്തിൽ ഞാൻ ആർക്കും വായിക്കാൻ കൊടുക്കാറില്ല, നരേഷനാണ് എനിക്ക് താൽപര്യം. എങ്കിലും ഞാൻ സമ്മതിച്ചു, ശരി വായിക്കാം എന്ന് പറഞ്ഞ്. വായിച്ച് തുടങ്ങിയപ്പോഴാണ് മനസിലായത്, ഇതിനകത്ത് ഒരുപാട് ജോണറുകൾ മാറുന്നുണ്ട്. ഒരുപാട് ലെയറുകൾ വരുന്നുണ്ട്, നിരവധി കഥകൾ പറയുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം അത്രയ്ക്ക് കോൺഫിഡൻസിൽ എനിക്കത് വായിക്കാൻ തന്നത്. അതിൽത്തന്നെ എന്റെ കഥാപാത്രത്തിന്റെ ജേണി വന്നപ്പോൾ എനിക്കത് ഭയങ്കരമായി റിലേറ്റ് ചെയ്യാൻ സാധിച്ചു. കാരണം നമ്മൾ ഒരു കഥ പറയാൻ പോവുകയാണ് എന്ന് പറയുമ്പോൾ, നമ്മുടെ വീട്ടുകാർക്ക് ഒരു പ്രതീക്ഷ ഉണ്ടാകുമല്ലോ, അതെല്ലാം കൃത്യമായി ഈ സിനിമയിലും ഉണ്ട്. പൊതുവെ കോമഡി പറയാൻ വേണ്ടി മാത്രമുള്ള, ഡെപ്ത്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് സാധാരണ എനിക്ക് വരാറുള്ളത്. പക്ഷെ, ഒരു റൊണാൾഡോ ചിത്രം അതിൽ നിന്നും വ്യത്യസ്തമാണ്.