'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ

'റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീൻ ചെയ്തു'; 'തിയേറ്റർ' ഓർമ്മകളുമായി അഷ്‌റഫ് ഗുരുക്കൾ
Published on

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അഷറഫ് ഗുരുക്കൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല റിമ എന്ന ആര്‍ട്ടിസ്റ്റ് ഇത്ര ഗംഭീരമായി പെര്‍ഫോമന്‍സ് ചെയ്യും എന്ന്. പക്ഷെ അവര്‍ക്ക് അത്തരം വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടായിരിക്കാം നമ്മള്‍ അങ്ങനെ കരുതുന്നത്. അവിടെയാണ് സജിന്‍ ബാബുവിന്റെ മിടുക്ക് എന്ന് അഷറഫ് ഗുരുക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഷ്‌റഫ് ഗുരുക്കളുടെ വാക്കുകൾ:

തിയേറ്റര്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുന്നു. ഇതിന്റെ റിവ്യൂസ് ഗംഭീരം തന്നെ. സജിന്‍ ബാബുവിന്റെ സിനിമ നാം പ്രേഷകര്‍ പക്കാ ഓഫ് ബീറ്റ് എന്ന് കരുതുന്നിടത്ത് തെറ്റി. കഴിഞ്ഞ ദിവസം ആണ് സിനിമകണ്ടത്. പ്രിവ്യു ഷോ കാണാന്‍ കഴിഞ്ഞില്ല. റിമാ കല്ലിങ്ങല്‍, നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല റിമ എന്ന ആര്‍ട്ടിസ്റ്റ് ഇത്ര ഗംഭീരമായി പെര്‍ഫോമന്‍സ് ചെയ്യും എന്ന്. പക്ഷെ അവര്‍ക്ക് അത്തരം വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടായിരിക്കാം നമ്മള്‍ അങ്ങനെ കരുതുന്നത്. അവിടെയാണ് സജിന്‍ ബാബുവിന്റെ മിടുക്ക്.

തിയേറ്ററില്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതിലും കഥയുടെ കെട്ടുറപ്പും ആണ് എന്ന് തോന്നുന്നു ഈ സിനിമയെ ഇത്രയും അംഗീകാരങ്ങള്‍ തേടി എത്തിയതും. ഈ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ ചെന്നപ്പോള്‍ സജിന്‍ ബാബു കഥ പറഞ്ഞു. റിമ കയറേണ്ടുന്ന തെങ്ങും കലാ സംവിധായകന്‍ സജി ജോസഫ് കാണിച്ചു തന്നു.

നാളുകളായിട്ട് ആ തെങ്ങ് കയറ്റക്കാര്‍ കയറിയിട്ടില്ല എന്നറിയാം തെങ്ങിന്റെ മുകളിലേക്കു നോക്കിയാല്‍, അത്രയ്ക്ക് ഉയരവും ഒരു വളവുമുണ്ട്. റിമയോട് ഞാന്‍ പറഞ്ഞു, റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാല്‍ ശ്രമിക്കാം എന്ന് റിമയും. കയറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ ആദ്യം വിവരിച്ചു. കുറെ മുകളില്‍ എത്തുമ്പോള്‍ തെങ്ങ് ആടും അപ്പോള്‍ ഒമിറ്റിങ് ടെന്‍ഡന്‍സി ഉണ്ടാകും താഴോട്ടു നോക്കുമ്പോള്‍ തല കറങ്ങും. ഒരു കാരണവശാലും റിമ ആ തെങ്ങില്‍ നിന്നും വീഴില്ല അത് ഞാന്‍ ഉറപ്പ് തരാം!

ആദ്യം എന്റെ ഫൈറ്റര്‍ കയറി ഒന്ന് കാണിച്ചു തരും. സത്യത്തില്‍ ആ മുഖത്ത് നല്ല ഭയം എനിക്ക് കാണാമായിരുന്നു. അതിലും നല്ല ഭയം ഉള്ളില്‍ ഒതുക്കിയാണ് ഞാനും നില്‍കുന്നത്. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീന്‍ ചെയ്തു തീര്‍ത്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നു. എന്റെ നഷ്ടം ആണ് തിയേറ്റര്‍! സജിന്‍ പറഞ്ഞു, ഇതില്‍ ഒരു വേഷം ചെയ്യണം എന്ന്. പക്ഷെ എനിക്ക് മറ്റൊരു ലൊക്കേഷനില്‍ എത്തേണ്ടതുകൊണ്ട് ആ വേഷം എനിക്ക് നഷ്ട്ടമായി.

Related Stories

No stories found.
logo
The Cue
www.thecue.in