
സിനിമകൾ തീർച്ചയായും മനുഷ്യനെ സ്വാധീനിക്കുന്നുണ്ടെന്നും ശക്തമായ ഒരു മാധ്യമം തന്നെയാണ് സിനിമയെന്നും സംവിധായകൻ ആഷിക് അബു. ഒരു ഫിലിം മേക്കർ എന്ന നിലയിൽ സമൂഹത്തിൽ ഇത്തരം ചർച്ചകൾ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നാണു കരുതുന്നത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ സ്വന്തം സിനിമകൾക്ക് നേരെയാണ് അത്തരം ഒരു വിമർശനം വരുന്നതെങ്കിൽ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. റൈഫിൾ ക്ലബ്ബിനെ സംബന്ധിച്ച് ഒരു വീഡിയോ ഗെയിം പോലെ തോന്നണം എന്ന ധാരണയോടെ ചെയ്തിട്ടുള്ള കൊറിയോഗ്രഫിയാണ് സിനിമയിലുള്ളത്. വയലൻസ് രംഗങ്ങളുടെ അവതരണം കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണെന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആഷിക് അബു പറഞ്ഞു.
ആഷിക് അബു പറഞ്ഞത്:
തീർച്ചയായും സിനിമകൾ മനുഷ്യനെ സ്വാധീനിക്കും. അത് വളരെ ശക്തിയുള്ള ഒരു മാധ്യമമാണ്. പല തരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന്റെ മുകളിലുണ്ട്. സിനിമയ്ക്ക് മാത്രമല്ല മറ്റ് പല കാര്യങ്ങൾക്കും നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലും വലിയ വ്യത്യാസങ്ങൾ വരുത്തുണ്ട്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ സമൂഹത്തിൽ ഇത്തരം ചർച്ചകൾ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം എന്നുള്ളതാണ്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എന്റെ സിനിമകൾക്ക് നേരെയാണ് അത്തരം ഒരു വിമർശനം വരുന്നതെങ്കിൽ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റൈഫിൾ ക്ലബ്ബിന്റെ കാര്യത്തിൽ ഒരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് അതിലെ ഷൂട്ടിങ് സീനുകൾ കാണേണ്ടത് എന്നുള്ള ധാരണയുടെ പുറത്താണ് സത്യത്തിൽ അതിനെ ആ രൂപത്തിൽ കൊറിയോഗ്രാഫ് ചെയ്തത്. കുറച്ച് ഉത്തരവാദിത്തത്തോട് കൂടി ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ക്രിസ്മസ് റിലീസായി എത്തിയ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ആഷിക് അബു ചിത്രമാണ് റൈഫിൾ ക്ലബ്. മായാനദിക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും ആഷിക് അബുവിനായി രചന നിർവഹിച്ച ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. വയനാട് ബത്തേരിയിലെ ഒരു റൈഫിൾ ക്ലബിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂന്നിയാണ് ചിത്രം. അനുരാഗ് കശ്യപും ഹനുമാൻ കൈൻഡുമാണ് വില്ലൻമാരായി എത്തിയത്. റൈഫിൾ ക്ലബ്ബിൽ ഒന്നുരണ്ട് ദിവസത്തിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ. ആക്‌ഷൻ സ്വഭാവത്തിൽ ഫൺ മൂഡിലുള്ള സിനിമയാണ് റൈഫിൾ ക്ലബ്. 25ലേറെ പ്രധാന കഥാപാത്രങ്ങളുള്ള സിനിമ കൂടിയാണിത്.