ഫഹദ് – പ്രേംകുമാർ ചിത്രം ‘അശരീരി’; ടൈറ്റിൽ ടീസർ പുറത്ത്

ഫഹദ് – പ്രേംകുമാർ ചിത്രം ‘അശരീരി’; ടൈറ്റിൽ ടീസർ പുറത്ത്
Published on: 

‘96’, ‘മെയ്യഴഗൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാർ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ‘അശരീരി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫീൽ ഗുഡ് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച പ്രേംകുമാർ ആക്ഷൻ ത്രില്ലറുമായാണ് ഇത്തവണ എത്തുന്നത്.

“അടുത്തേക്ക് വരൂ, ഞങ്ങൾക്ക് ഒരു കാര്യം മന്ത്രിക്കാനുണ്ട്” എന്ന കുറിപ്പോടെ പുറത്തുവിട്ട ടൈറ്റിൽ ടീസറിൽ, പൊട്ടിയ സ്ക്രീനുള്ള ഒരു മൊബൈൽ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ വരുന്നതും പശ്ചാത്തലത്തിൽ ‘ഹാപ്പി ബർത്ത്ഡേ’ ഈണം മുഴങ്ങുന്നതും തുടർന്ന് ഫഹദിന്റെ നിഴൽരൂപം തെളിയുന്നതുമാണ് കാണിക്കുന്നത്. ചിത്രം 2027 ജനുവരി ഒന്നിന് തിയേറ്ററുകളിലെത്തും.

പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രത്തിന്റ നിർമാണം നിർവഹിക്കുന്നത്.. വടിവേലുവിനൊപ്പം ‘മാരീസൻ’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ഫഹദ് ഫാസിലിന്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ശിവദയാണ് നായിക. ചിത്രത്തിൽ ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'മെയ്യഴഗൻ’ സിനിമയുടെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ആർ. ഗോവിന്ദരാജാണ് നിർവഹിക്കുന്നത്. മഹേഷ് നാരായണന്റെ 'പേട്രിയറ്റ്' എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ് ഫാസിലും ശിവദയും ആദ്യമായി ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അശരീരി'ക്കുണ്ട്.