
മലയാളക്കരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഓളം സൃഷ്ടിച്ച സിനിമയാണ് ഫോർ ദ പീപ്പിൾ. ജാസി ഗിഫ്റ്റിന്റെ സംഗീതവും ജയരാജിന്റെ മേക്കിങ്ങുമെല്ലാം വല്ലാതെ ചർച്ചയായ ഒരു കാലമുണ്ടായിരുന്നു. ലജ്ജാവതിയേ.. എന്ന ഗാനം കാണാനായി മാത്രം ഫോർ ദ പീപ്പിളിനായി തിയറ്ററിലെത്തിയ പ്രേക്ഷകരും നിരവധി. സിനിമയിലെ പ്രധാനപ്പെട്ട നാല് പേരിൽ ഒരാളായി വേഷമിട്ട അരുൺ ചെറുകാവിൽ, താൻ എങ്ങനെ ആ സിനിമയുടെ ഭാഗമായി എന്നതിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറയുകയാണ്. ഓഡീഷന് പോയപ്പോൾ താൻ പരിചയപ്പെട്ട ചില പുതുമുഖങ്ങളെക്കുറിച്ചും അരുൺ പറയുന്നു.
അരുൺ ചെറുകാവിലിന്റെ വാക്കുകൾ
ഫോർ ദ പീപ്പിൾ എന്ന സിനിമയിൽ ഏറ്റവും അവസാനം വരുന്നയാളാണ് ഞാൻ. സെവൻ ആർട്സ് മോഹനാണ് അന്ന് ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ ചെയ്തിരുന്നത്. പല സ്ഥലങ്ങളിലും ഫോട്ടോകൾ കൊടുത്ത് ചാൻസ് ചോദിച്ച് വെക്കുക എന്നതായിരുന്നല്ലോ പണ്ട് ചെയ്തുകൊണ്ടിരുന്നത്. പെട്ടന്ന് ടീമിൽ നിന്നും എനിക്ക് കോൾ ലഭിക്കുകയും നാളെത്തന്നെ ഓഡീഷന് വരാൻ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്യുന്നു. കൊച്ചിയിൽ വച്ചായിരുന്നു ഓഡീഷൻ.
അവിടെ വന്നപ്പോൾ പുറത്ത് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ജാസി എന്നാണ് പേര്, സംഗീത സംവിധായകനാണ്. പരിചയപ്പെട്ടു. ഞങ്ങൾ രണ്ടു പേരും കൂടി പുറത്തു പോയി ചായ ഒക്കെ കുടിച്ചു. ഓഡീഷന് കയറിയപ്പോൾ മൂന്ന് പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണ് എന്നുപറഞ്ഞ് ഒരാളെ പരിചയപ്പെട്ടു. ബ്ലെസി എന്നായിരുന്നു പേര്. ഇന്നത്തെ സംവിധായകൻ ബ്ലെസി. തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറം. പിന്നെ സംവിധായകൻ ജയരാജ്. അവർ സിനിമയിലെത്തന്നെ ഒരു ഡയലോഗ് പറയിപ്പിക്കുന്നു. കുറേ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നു. അതിന് ശേഷം കുറച്ച് നേരം കഴിഞ്ഞ് സംവിധായകൻ ജയരാജ് വന്ന് ചോദിക്കുന്നു, "എടാ.. എന്താ പരിപാടി.. നാളെ മുതൽ ഷൂട്ട് തുടങ്ങുവാണ്.. 35 ദിവസത്തോളം ഷൂട്ട് ഉണ്ടാകും. നീ ഓക്കെ അല്ലേ.." എന്ന്. അങ്ങനെയാണ് ഫോർ ദ പീപ്പിളിലേക്ക് എത്തുന്നത്. ഇപ്പോഴും ആളുകൾ കാണുമ്പോൾ ചോദിക്കാറുണ്ട്, ഫോർ ദ പീപ്പിൾ റീ റിലീസ് ഉണ്ടാകുമോ എന്ന്.