കലാഭവൻ മണി അനശ്വരമാക്കിയ ​ഗാനങ്ങളുടെ രചയിതാവ്; നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

കലാഭവൻ മണി അനശ്വരമാക്കിയ ​ഗാനങ്ങളുടെ രചയിതാവ്; നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻ പാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. കലാഭവന്‍ മണി ആലപിച്ച ജനപ്രീതി നേടിയ നാടൻ ​പാട്ടുകളുടെ രചയിതാവായിരുന്നു. മുന്നൂറ്റിയന്‍പതോളം നാടന്‍ പാട്ടുകള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. കല്ലേം മാലേം പിന്നെ ലോലാക്കും ആണ് ആദ്യ ആല്‍ബം.

'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ', 'ചാലക്കുടി ചന്തക്കു പോകുമ്പോള്‍', 'പകലു മുഴുവന്‍ പണിയെടുത്ത്' , 'വരിക്കചക്കേടെ' തുടങ്ങിയ പാട്ടുകളെല്ലാം അറുമുഖന്‍റെ തൂലികയിൽ വിരിഞ്ഞതാണ്. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ അറുമുഖൻ എഴുതിയിട്ടുണ്ട്.

സിനിമ ​ഗാനരചയിതാവ് എന്ന നിലയിലും അറുമുഖന്‍ പ്രവർത്തിച്ചിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തില്‍', മീശമാധവനിലെ ' എലവത്തൂര്‍ കായലിന്റെ' എന്നീ ഗാനങ്ങള്‍ രചിച്ചത് ഇദ്ദേഹമായിരുന്നു. ഉടയോന്‍, ദ ഗാര്‍ഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന്‍ എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in