
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത തലവരയുടെ ആദ്യ ഷോ കഴിഞ്ഞ് ടെൻഷൻ അടിച്ച് നിൽക്കുമ്പോൾ തന്നോട് ധൈര്യമായി പുറത്തിറങ്ങാൻ പറഞ്ഞ് ധൈര്യം തന്നത് കുഞ്ചാക്കോ ബോബനാണ് എന്ന് അർജുൻ അശോകൻ. എല്ലാം ഓക്കെയാണ്, നെഞ്ചും വിരിച്ച് ഇറങ്ങിക്കോ എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. തലവര തിയറ്ററിൽ ഇറക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അർജുൻ അശോകന്റെ വാക്കുകൾ
ആളുകൾക്ക് വർക്ക് ആകാത്ത സിനിമകളിൽ പോലും നമ്മളെ കാണുമ്പോൾ നമുക്ക് ഭയങ്കര സന്തോഷമാണ്. കാരണം, നമ്മൾ രണ്ടോ മൂന്നോ സെക്കന്റ് എങ്കിലും സിനിമയിൽ അഭിനയിക്കണം എന്നുപറഞ്ഞ് വന്ന ആളുകളാണ്. ആദ്യത്തെ സിനിമയിൽ നാല് സീനും മൂന്ന് ഡയലോഗുമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അവിടന്ന് ഇവിടം വരെ എത്തി നിൽക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു സിനിമ റിലീസ് ആവുക എന്ന് പറയുന്നത് വലിയൊരു ഭാഗ്യമാണ്. അത് തിയറ്ററിലെത്തി ഓഡിയൻസ് കണ്ട് നല്ല അഭിപ്രായം പറയുക എന്നത് വലിയൊരു കാര്യമാണ്. അത് സംഭവിക്കണമെങ്കിൽ നല്ല സിനിമകൾ ചെയ്യണം.
തലവര കണ്ടപ്പോൾ എന്റെ കയ്യിൽ നിന്നും പോയിരുന്നു. പിന്നീട് തിയറ്ററിൽ കണ്ടപ്പോൾ പാനിക്ക് ആയി, ആളുകൾക്ക് ഇത് ഇഷ്ടപ്പെടുമോ എന്ന് അറിയില്ലല്ലോ. അപ്പോഴാണ് ചാക്കോച്ചൻ എന്നെ കാണുന്നത്. പുള്ളി പറഞ്ഞു, നെഞ്ചും വിരിച്ച് ഇറങ്ങിക്കോ എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര കോൺഫിഡൻസായി. തലവര പുറത്ത് ഇറക്കാൻ ഒരുപാട് സ്ട്രഗിൾ ചെയ്തിരുന്നു. അപ്പൊ ഇത്തരത്തിലുള്ള റെസ്പോൺസ് കിട്ടുന്നു എന്ന് പറയുന്നത് നമുക്ക് വലിയ സുഖം തരുന്ന ഒരു പരിപാടിയാണ്.