
അച്ഛൻ ഹരിശ്രീ അശോകനാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം എന്ന് നടൻ അർജുൻ അശോകൻ. അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ കരിയർ കൊണ്ടുപോകാൻ സാധിക്കുന്നു എന്നുള്ളതാണ് തനിക്ക് ലഭിക്കുന്ന വലിയ സന്തോഷം. ഇന്ന് അച്ഛന് എന്തെങ്കിലും റോളുകൾ വന്നാൽ തന്നെ വിളിച്ച് അഭിപ്രായം ചോദിക്കാറുണ്ടെന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അർജുൻ അശോകന്റെ വാക്കുകൾ
അച്ഛൻ ചിന്തിച്ചതിനേക്കാൾ, അല്ലെങ്കിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ റോളുകൾ എന്നെ തേടി എത്തുന്നു എന്നത് വലിയ അഭിമാനകരമായ നേട്ടമായാണ് ഞാൻ കരുതുന്നത്. ചെറിയ വേഷങ്ങൾ, ക്യാരക്ടർ റോളുകൾ എന്നതിനപ്പുറത്തേക്ക് ലീഡ് റോളിൽ എന്നെ കാണാൻ പറ്റും എന്ന് ഞാനും കരുതിയിരുന്നില്ല. സിനിമയിൽ വന്നതിന് ശേഷം ആഗ്രഹം ഉണ്ടായിട്ടുണ്ട്, അത് ഇത്ര പെട്ടന്ന് നടക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛന് കിട്ടിയ ഡൗൺഫാളും കാര്യങ്ങളും എല്ലാം മുന്നിൽ ഉള്ളതുകൊണ്ടുതന്നെ ഇടയ്ക്ക് പറയും, ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യണം, ആവശ്യം ഇല്ലാത്ത പരിപാടികളൊന്നും പിടിക്കരുത് എന്നെല്ലാം. പിന്നെ അച്ഛൻ സപ്പോർട്ട് ചെയ്യാതെ നമ്മളെ വേറെ ആര് സപ്പോർട്ട് ചെയ്യാനാണ്.
എന്റെ ചെറുപ്പത്തിൽ അച്ഛന് കൈ നിറയെ സിനിമകളായിരുന്നു. വീട്ടിലേക്ക് വരുന്നത് തന്നെ വളരെ കുറവായിരുന്നു. ഓരോ വരവിനും പുള്ളി ഒരു ടോയ് കൊണ്ടു വരും. ചിലപ്പോൾ വളരെ രാത്രിയായിട്ടായിരിക്കും എത്തുക. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ടോയും അച്ഛനും അവിടെയുണ്ടാകും. വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോഴേക്കും അച്ഛൻ പോയിട്ടുണ്ടാകും. അന്നത്തെ നമ്മുടെ മൈൻഡ് എന്നുപറഞ്ഞാൽ, ടോയ് കിട്ടുമല്ലോ, അതാണ്. ഇന്ന് അച്ഛന് വല്ല റോളുകൾ വന്നാൽ എന്നെ വിളിച്ച് ചോദിക്കും, എടാ, ഇങ്ങനെ ഒരു സാധനം വന്നിട്ടുണ്ട്, എന്താണ് ചെയ്യേണ്ടത് എന്നൊക്കെ. അതൊക്കെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.