മൂന്ന് മാസം ചെരുപ്പിടാതെയണ് ലൊക്കേഷനില്‍ നടന്നത്: തുറമുഖത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍

മൂന്ന് മാസം ചെരുപ്പിടാതെയണ് ലൊക്കേഷനില്‍ നടന്നത്: തുറമുഖത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ചിത്രീകരണ സമയത്ത് ചെരുപ്പിടാതെയാണ് അഭിനേതാക്കളെല്ലാം സെറ്റില്‍ നടന്നിരുന്നതെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. ഏകദേശം മൂന്ന് മാസത്തോളമാണ് സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെന്നും അര്‍ജുന്‍ ദ ക്യുവിനോട് പറഞ്ഞു. ചിത്രത്തില്‍ ഹംസ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്.

'തുറമുഖത്തില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ഹംസ എന്നാണ്. 1950 കാലഘട്ടത്തില്‍ ആളുകള്‍ നേരിട്ട പ്രശ്‌നങ്ങള്‍. ഭക്ഷണം വാങ്ങിക്കണമെങ്കില്‍ എന്തെല്ലാം ജോലികള്‍ ചെയ്യണം എന്നൊക്കെയാണ് സിനിമയില്‍ പറയുന്നത്. മൂന്ന് മാസത്തെ പ്രൊസസായിരുന്നു സിനിമയുടെ ചിത്രീകരണം. ആ മൂന്ന് മാസവും ചിത്രത്തിലെ മിക്ക അഭിനേതാക്കളും ചെരുപ്പിടാതെയാണ് നടന്നിരുന്നത്. അല്ലാതെ ഷോട്ടിന് വിളിച്ചാല്‍ ചെരുപ്പ് ഊരിയിട്ട് പോകുന്ന പരിപാടിയില്ലായിരുന്നു. അതുകൊണ്ട് എല്ലാവരും ചെളിയാണെങ്കിലും ചെരുപ്പിടാതെ തന്നെയാണ് നടന്നിരുന്നത്. പിന്നെ രാജീവ ഏട്ടന്റെ സിനിമയില്‍ ഒരു ചാന്‍സ് കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.' - അര്‍ജുന്‍ അശോകന്‍

1968ല്‍ ഗോപന്‍ ചിദംബരത്തിന്റെ പിതാവും പ്രമുഖ നാടകകൃത്തുമായ കെ.എം. ചിദംബരന്‍ എഴുതിയ 'തുറമുഖം' എന്ന നാടകത്തിനെ ആധാരമാക്കിയാണ് ഈ സിനിമ. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തില്‍ മൊയ്തു എന്ന നേതാവായി നിവിന്‍ പോളിയും സാന്റോ ഗോപാലനായി ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജ്ജും അവതരിപ്പിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ഉമ്മയുടെ റോളില്‍. നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്തില്‍ കൃഷ്ണ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരും കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in