'പൊന്നു വെളക്കണ ഏമാൻ, ഇനി പറന്നിറങ്ങണ പൊൻമാൻ'; ബേസിൽ - ജ്യോതിഷ് ചിത്രം 'പൊൻമാനി'ലെ 'ആർഭാടം' പ്രോമോ സോങ്

'പൊന്നു വെളക്കണ ഏമാൻ, ഇനി പറന്നിറങ്ങണ പൊൻമാൻ'; ബേസിൽ - ജ്യോതിഷ് ചിത്രം 'പൊൻമാനി'ലെ 'ആർഭാടം' പ്രോമോ സോങ്
Published on

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ പ്രോമോ ​ഗാനം പുറത്തു വിട്ടു. 'ആർഭാടം' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ് ആണ്. ജസ്റ്റിൻ വർ​ഗീസ് സം​ഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ സുഹൈൽ കോയയുടേതാണ്. പൊൻമാനിലെ പക എന്നു തുടങ്ങുന്ന ​ഗാനവും മുമ്പ് പുറത്തു വന്നിരുന്നു. കെ എസ് ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവരായിരുന്നു ആ ​ഗാനത്തിന്റെ ആലാപനം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം ജനുവരി 30 ന് തിയറ്ററുകളിലെത്തും.

നോവൽ വായിച്ചപ്പോൾ തന്നെ ചെയ്യണം എന്ന് തോന്നിയ സിനിമയാണ് പൊൻമാൻ എന്നും ഈ കഥയ്ക്ക് ഒരു ഒർജിനാലിറ്റി ഉണ്ടെന്നും റേഡിയോ മാം​ഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞിരുന്നു.

Summary

ബേസിൽ ജോസഫ് പറഞ്ഞത്:

സിനിമ ചെയ്യുന്നതിന് മുമ്പ് ജി ആർ ഇന്ദു ​ഗോപന്റെ നോവൽ വായിച്ചിരുന്നില്ല, എന്നാൽ ഈ സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത് നോവൽ വായിച്ചിട്ടാണ്. അത് വായിച്ചപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്ന് തോന്നിയിരുന്നു. വ്യക്തിപരമായി തന്നെ എനിക്ക് ചെയ്യണം എന്ന് തോന്നിയ ഒരു കഥാപാത്രമായിരുന്നു അജേഷ്. ആ കഥയ്ക്ക് ഒർജിനാലിറ്റി ഉണ്ട്. നമ്മൾ അങ്ങനെ കേട്ടിട്ടുള്ള തരത്തിലുള്ള ഒരു കഥയല്ല പൊൻമാൻ. ഇന്ദു ​ഗോപൻ ചേട്ടന്റെ എല്ലാ ബുക്കിനും അത്തരത്തിലുള്ള ഒരു പ്രത്യേകതയുണ്ട്. നമ്മുടെ നാട്ടിൽ നടക്കുന്ന കഥയൊക്ക തന്നെയാണ്, പക്ഷേ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കഥയൊക്കെ ഉണ്ടോ എന്നു തോന്നുന്ന ലൊക്കൽ സെറ്റിം​ഗിൽ ഉള്ള നമ്മൾ അറിയാത്ത ഒരു കഥയാണ്. നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത കൾച്ചറും അത്തരത്തിലുള്ള കഥാപാത്രങ്ങളും ഒക്കെയായിട്ടുള്ള കഥകളാണ് അദ്ദേഹത്തിന്റേത്. ആ ഒരു കാറ്റ​ഗറിയിൽ ഉൾപ്പെടുന്ന ഏറ്റവും സിനിമാറ്റിക്ക് ആയിട്ടുള്ള ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പറ്റുന്ന പോലെയുള്ള ഒരു ബുക്കാണ് 'നാലഞ്ച് ചെറുപ്പക്കാർ' എന്നുള്ളത്. അത് കേട്ടപ്പോൾ തന്നെ എക്സൈറ്റഡ് ആയി.

ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചലച്ചിത്രമാണ് പൊൻമാൻ. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് "പൊൻമാൻ". സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം സഞ്ചരിക്കുന്നതെന്ന സൂചനയാണ് അടുത്തിടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ ടീസർ സമ്മാനിച്ചത്. ടീസർ കൂടാതെ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകളും ബ്രൈഡാത്തി എന്ന ആദ്യ ഗാനവും സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ അജേഷ് എന്ന നായക കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. സ്റ്റെഫി എന്ന നായിക കഥാപാത്രത്തെയാണ് ലിജോമോൾ ജോസ് അവതരിപ്പിക്കുന്നത്. മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരുമാണ് എത്തുന്നത്.

ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, 25 ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ - എ എസ് ദിനേശ്, ശബരി. അഡ്വർടൈസ്‌മെന്റ്- ബ്രിങ് ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in