
'മറക്കുമ നെഞ്ചം' എന്ന സംഗീത പരിപാടിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പ്രതികരിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകളുടെയും സ്നേഹത്തിന്റെയും സുനാമിയായിരുന്നു അതെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ കാണികൾക്ക് ഒരു ഗംഭീര ഷോ നൽകുക എന്നതാണ് പ്രധാനമെന്നും ബാക്കിയെല്ലാം മറ്റുള്ളവർ ശ്രദ്ധിക്കുമെന്നും ഞാൻ കരുതി, മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളിൽ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു. ഞങ്ങളുടെ ഉദ്ദേശ്യം നല്ലതായിരുന്നു, പക്ഷേ പ്രതികരണം പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇപ്പോൾ ഡാറ്റ ശേഖരിക്കുകയാണ്, ഉടൻ തന്നെ ആരാധകരെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമായി ഞങ്ങൾ എത്തുന്നതായിരിക്കും എന്നും ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു.
സംഘാടകർ വേദിയിൽ ഏകദേശം 46,000 കസേരകൾ ഒരുക്കിയിരുന്നു. ചില ഭാഗങ്ങളിൽ, എല്ലാവരും ഒരു വശത്ത് തന്നെ ഇരുന്നു, മറുവശത്തേക്ക് നീങ്ങുന്നില്ല. ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വേദി നിറഞ്ഞെന്ന് കരുതി അടപ്പിച്ചു. അപ്പോഴേക്കും അകത്ത് ഷോ തുടങ്ങിയിരുന്നു എന്നും സംഭവിച്ച കാര്യത്തിൽ തങ്ങൾ വളരെ അസ്വസ്ഥരാണെന്നും ആരുടെയും നേർക്ക് വിരൽ ചൂണ്ടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും റഹ്മാൻ പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സുരക്ഷയായിരുന്നു പ്രധാന പ്രശ്നം. നഗരം വികസിക്കുകയാണെന്നും ഒപ്പം സംഗീതത്തിനോടും കലയോടുമുള്ള ആളുകളുടെ അഭിനിവേഷവും കൂടുകയാണ് എന്നും നാം മനസ്സിലാക്കണം എന്ന് റഹ്മാൻ പറയുന്നു.
90% വിജയവും 10% നഷ്ടവും’ എന്നാണ് റഹ്മാൻ ‘മറക്കുമാ നെഞ്ചത്തെ’ വിശേഷിപ്പിക്കുന്നത്. വേദിക്ക് അകത്തുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾ സന്തോഷത്തോടെ കച്ചേരി കേൾക്കുകയായിരുന്നു, ചെന്നൈ എന്ന നഗരത്തിന്റെ ഊർജവും സ്നേഹവും വളരെ വലുതാണ്, എന്നാൽ ചില സമയത്ത് നിങ്ങൾ എന്തിനെയെങ്കിലും അമിതമായി സ്നേഹിക്കുമ്പോൾ അത് നിങ്ങളിൽ നിന്ന് അകന്നുപോകും. അതാണ് ഇവിടെ സംഭവിച്ചതെന്ന് ഞാൻ കരുതുന്നു എന്നും അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു. ആളുകൾ കോൺസർട്ടിന് വരുന്നത് എനിക്ക് വേണ്ടിയാണ് അല്ലാതെ സംഘാടകർ ആരെന്ന് നോക്കിയല്ല, അതെനിക്കറിയാം. ഞങ്ങൾ ഇത് നേരിടുകയും പരിഹരിക്കുകയും ചെയ്യും കാരണം ഓരോരുത്തരും എനിക്ക് പ്രധാനപ്പെട്ടതാണ് റഹ്മാൻ കൂട്ടിച്ചേർത്തു.
മറക്കുമ നെഞ്ചം എന്ന മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നാണ് ആരോപണം. ട്വിറ്ററിലൂടെ നിരവധിപ്പേരാണ് സംഘാടകർക്ക് സംഭവിച്ച പിഴവിനെ ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. പരിപാടിക്ക് പിന്നാലെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ എ ആർ റഹ്‌മാന് നേരെ ഉയരുന്നത്. വേദിയിലേക്ക് പ്രവേശിക്കാനുള്ള ബഹളത്തിൽ ആളുകൾക്ക് പരിക്കേറ്റതായും തിരക്ക് മൂലം കുട്ടികൾ പലരും മാതാപിതാക്കളിൽ നിന്ന് വേർപെട്ട് പോയതായും ജനക്കൂട്ടത്തിനിടെ സ്ത്രീകൾക്ക് മോശം അനുഭം നേരിടേണ്ടി വന്നതായും പല ട്വിറ്റർ ഹാഡിലുകളും ട്വീറ്റ് ചെയ്തിരുന്നു.