'26 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ' ; മികച്ച പ്രതികരണം നേടി ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും

'26 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ' ; മികച്ച പ്രതികരണം നേടി ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ ഇതിനകം 26 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. ജിനു വി എബ്രാഹം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായി തിയറ്ററുകളിലെത്തിയ സിനിമയാണ് ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് തന്റേതെന്ന് നടൻ ടൊവിനോ തോമസ് മുമ്പ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

logo
The Cue
www.thecue.in