റൈഫിൾ ക്ലബ്ബിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ കാണാനെത്തിയ രാജീവ് രവിയെ കണ്ട് മുഴുവൻ സെറ്റും എഴുന്നേറ്റു നിന്നുവെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. രാജീവ് രവി വന്നു എന്നറിഞ്ഞപ്പോൾ മുഴുവൻ സിനിമാ സെറ്റും നിശബ്ദമായി എന്നും അതാണ് അദ്ദേഹത്തിന് എല്ലാവരും കൽപ്പിച്ചു കൊടുക്കുന്ന ബഹുമാനം എന്നും അനുരാഗ് കശ്യപ് പറയുന്നു. ചെറിയതും പുതിയതുമായ ക്യാമറകളിൽ പരീക്ഷണങ്ങൾ നടത്തുന്നയാളാണ് രാജീവ് രവി എന്നും, ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹം മൂത്തോൻ എന്ന ചിത്രം ഷൂട്ട് ചെയ്ത രംഗം നേരിൽ കണ്ടത് തനിക്ക് ഓർമ്മയുണ്ടെന്നും അനുരാഗ് കശ്യപ് ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അനുരാഗ് കശ്യപ് പറഞ്ഞത്:
ഏറ്റവും കുറഞ്ഞ വെളിച്ചത്തിലും ചെറിയതും പുതിയതുമായ ക്യാമറകളിൽ പരീക്ഷണങ്ങൾ നടത്തുന്നയാളാണ് രാജീവ് രവി. അദ്ദേഹം മൂത്തോൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ അദ്ദേഹത്തിനെ കാണാൻ വേണ്ടി പോയി. ഞാൻ ചെന്നു നോക്കുമ്പോൾ രാത്രിയിൽ അദ്ദേഹം ഒരു കാറിന് പിന്നിൽ നിന്ന് കയ്യിൽ എന്തോ ചെറിയ ഒരു സാധനവും പിടിച്ചുകൊണ്ട് എന്തോ ചെയ്യുകയാണ്. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മിണ്ടരുത് ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ഒരു ചെറിയ ക്യാമറ വച്ചാണ് അദ്ദേഹം മൂത്തോൻ ഷൂട്ട് ചെയ്തത്. അതാണ് എനിക്ക് രാജീവ് രവി. അദ്ദേഹം ഇവിടെ വന്ന് പണമുണ്ടാക്കി മലയാളത്തിലേക്ക് പോയി സിനിമ ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ബഹുമാനം ലഭിക്കുന്നത്. റൈഫിൾ ക്ലബ്ബിന്റെ ഷൂട്ട് നടക്കുന്ന സമയം, ഞാൻ കൊച്ചിയിൽ ഉണ്ടെന്ന് അറിഞ്ഞ് രാജീവ് എന്നെ കാണാൻ വേണ്ടി സെറ്റിൽ വന്നു. അദ്ദേഹം വന്നതും ആ മുഴുവൻ സെറ്റും നിശ്ചലമായി. രാജീവ് രവി വന്നു എന്നറിഞ്ഞിട്ട് എല്ലാവരും എഴുന്നേറ്റ് നിന്നു. ഷൂട്ടിംഗും ജോലിയും എല്ലാം നിന്നു. അതാണ് അദ്ദേഹത്തിന് എല്ലാവരും കൽപ്പിക്കുന്ന ബഹുമാനം. താൻ ഇവിടെ നിന്നാൽ ഷൂട്ടിംഗ് നിന്നു പോകും എന്നു മനസ്സിലാക്കിയ അദ്ദേഹം പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി.