'ലൊക്കേഷനിൽ എത്തിയപ്പോൾ താടി എടുക്കാമോ എന്നാണ് ആഷിക്കും ശ്യാമും ചോദിച്ചത്'; റൈഫിൾ ക്ലബിന്റെ ഓർമ്മകൾ പങ്കിട്ട് അനുരാഗ് കശ്യപ്

'ലൊക്കേഷനിൽ എത്തിയപ്പോൾ താടി എടുക്കാമോ എന്നാണ് ആഷിക്കും ശ്യാമും ചോദിച്ചത്'; റൈഫിൾ ക്ലബിന്റെ ഓർമ്മകൾ പങ്കിട്ട് അനുരാഗ് കശ്യപ്
Published on

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കിട്ട് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കഥ കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ എത്തിയത്. ലൊക്കേഷനിൽ എത്തിയപ്പോൾ താടി എടുക്കാമോ എന്നാണ് ആഷിക് അബുവും ശ്യാം പുഷ്കരനും ചോദിച്ചത്. പിന്നീട് താടി എടുത്ത ശേഷം കഥാപാത്രത്തിന്റെ വേഷം ധരിച്ചു. അതിന് ശേഷമാണ് എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചത്. സിനിമയുടെ കഥ പറയാൻ താൻ ആഷിഖിനെയും ശ്യാമിനെയും അനുവദിച്ചില്ല. താൻ സംവിധാനം ചെയ്യുന്ന സിനിമകളിലും അഭിനേതാക്കളോട് കഥ പറയാറില്ലെന്ന് ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.

അനുരാഗ് കശ്യപ് പറഞ്ഞത്:

സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. റൈഫിൾ ക്ലബ് എന്ന സിനിമയുടെ അനൗൺസ്‌മെന്റ് കണ്ടപ്പോൾ ആഷിക്ക് അബുവിന് ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചു. നോർത്തിൽ നിന്ന് ഒരു ആക്ടറെ നിങ്ങൾക്ക് സിനിമയിൽ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അങ്ങനെയാണ് അവർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമ എന്താണെന്ന് അറിയാതെ ഞാൻ ചോദിച്ചു വാങ്ങിച്ചെടുത്ത റോളാണെന്ന് പറയാം. റൈഫിൾ ക്ലബ് എന്ന പേര് തന്നെ കൂളായി തോന്നി. ആഷിഖ് അബുവിനേയും എനിക്ക് നേരത്തെ അറിയാമായിരുന്നു.

ആഷിഖ് തന്നെയായിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. ആദ്യ ദിവസം ഞാൻ ലൊക്കേഷനിൽ ചെല്ലുമ്പോൾ എനിക്ക് താടിയുണ്ടായിരുന്നു. ആഷിക്കും ശ്യാമും എന്റടുത്ത് വന്ന് താടി എടുക്കാൻ കഴിയുമോ എന്ന് ചോദിച്ചു. നിങ്ങളാണ് ഈ സിനിമ സംവിധാനം ചെയ്യുന്നതും എഴുതുന്നതും നിങ്ങൾക്ക് എന്തും ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ താടി എടുത്തു. പുലിത്തോൽ പോലെയുള്ള ഒരു ഷർട്ട് ധരിച്ചു. അതിന് ശേഷമാണ് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത്. ഒരു ഗൺ ഡീലറുടെ വേഷമാണ് ചെയ്യേണ്ടത് എന്ന് അവർ പറഞ്ഞു. അവർക്ക് എന്നോട് സിനിമയുടെ കഥ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അത് അനുവദിച്ചില്ല. കാരണം എന്റെ സെറ്റിൽ ഞാനും അഭിനേതാക്കളോട് കഥ പറഞ്ഞു കൊടുക്കാറില്ല. എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് ഞാൻ ആഷിക്കിനോടും ശ്യാമിനോടും പറഞ്ഞു. സിനിമ ഷൂട്ട് ചെയ്യുന്നതിനിടയിൽ കഥ എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in