ബോളിവുഡ് ഉപേക്ഷിച്ച് പകരം സൗത്ത് സിനിമകളിലേക്ക് വരികയാണ് എന്ന് സംവിധായകൻ അനുരാഗ് കശ്യപ്. പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ബോളിവുഡ് തയ്യാറാവുന്നില്ലെന്നും റീമേക്കുകൾ ചെയ്യാനാണ് അവർക്ക് താൽപര്യമെന്നും അനുരാഗ് കശ്യപ് പറയുന്നു. സിനിമയെക്കാൾ ഉപരി സ്റ്റാർഡത്തിനാണ് ബോളിവുഡ് പ്രധാന്യം നൽകുന്നത് എന്നും സ്വന്തം ഇൻഡസ്ട്രിയെ ഓർത്ത് തനിക്ക് നിരാശയുണ്ടെന്നും ബോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപ് പറഞ്ഞത്:
സിനിമയെ ഫോക്കസ് ചെയ്യുന്നതിനെക്കാൾ സിനിമാ സെറ്റിൽ സ്റ്റാറിനെപ്പോലെ നമ്മളെ ട്രീറ്റ് ചെയ്യുന്നുണ്ടോ എന്ന ശ്രദ്ധയാണ് ബോളിവുഡിൽ കൂടുതലും. സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ വന്നതിന് ശേഷമാണ് ഇത് വർധിച്ചു തുടങ്ങിയത്. ഇപ്പോൾ എല്ലാവരും ഒരു താരത്തെപ്പോലെ ഞങ്ങളോട് പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. അത് ചെയ്തില്ലെങ്കിൽ അത് ബഹുമാനമില്ലായ്മയാണെന്ന് അവർ കരുതും. ഹിന്ദി സിനിമയുടെ പകുതി പ്രശ്നം ഇത് തന്നെയാണ്. എന്റെ മുമ്പുള്ള സിനിമകൾ മലയാളികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് അതേ മലയാള സിനിമയിൽ നിന്നാണ് ഞാൻ പ്രചോദനം ഉൾക്കൊള്ളുന്നത്. എനിക്ക് അസൂയ തോന്നാറുണ്ട്. അവർക്ക് ഈ സിനിമകളെല്ലാം ചെയ്യാൻ കഴിയുന്നുവല്ലോ എന്നോർത്ത്. പക്ഷേ ബോളിവുഡിൽ എനിക്ക് അതിന് നിയന്ത്രണങ്ങളുണ്ട്. കാരണം ഞാൻ ആറ് വർഷങ്ങൾക്ക് മുൻപ് ചെയ്ത മുക്കബാസ് എന്ന ചിത്രം ഇന്ന് ഞാൻ അതേ തരത്തിൽ ചെയ്യണമെങ്കിൽ അന്ന് ചെലവിട്ടതിന്റെ അഞ്ചിരട്ടി അതിന് വേണ്ടി ഇന്ന് ചെലവിടേണ്ടി വരും. അതാണ് ഏറ്റവും വലിയ വ്യത്യാസം. പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ അതുകൊണ്ട് തന്നെ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. സിനിമ തുടങ്ങുമ്പോൾ തന്നെ നമ്മൾ എങ്ങനെ ഇത് വിൽക്കും എന്ന ചോദ്യമാണ് മനസ്സിൽ വരുന്നത്. സിനിമ നിർമ്മിക്കുക എന്നതിൽ സന്തോഷം ഇല്ലാതെയായി. അതുകൊണ്ടാണ് ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നത്. അടുത്ത വർഷം ഞാൻ മുംബൈയിൽ നിന്നും മാറുകയാണ്. ഞാൻ സൗത്തിലേക്ക് വരികയാണ്. എനിക്ക് ഉൽസാഹം തരുന്നിടത്തേക്ക് എനിക്ക് വരണം. അല്ലെങ്കിൽ ഒരു വൃദ്ധനെപ്പോലെയായി ഞാൻ മരിക്കും. എന്റെ സ്വന്തം ഇൻഡസ്ട്രിയിൽ ഞാൻ നിരാശനാണ്. മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയ സമയത്ത് ഞാൻ ലെറ്റർ ബോക്സിൽ എഴുതിയത് ഇതുപോലൊരു സ്ക്രിപ്റ്റ് ഹിന്ദിയിൽ ചെയ്യാൻ സാധിക്കില്ല എന്നാണ്. പക്ഷേ ഇവിടെ അത് ഹിറ്റാകുമ്പോൾ ഹിന്ദിയിലെ നിർമാതാക്കൾ ഈ സിനിമ നമുക്ക് റീമേക്ക് ചെയ്യാം എന്നു പറയും. അടുത്ത ദിവസം അവർ എന്നെ വിളിക്കും. നിങ്ങൾക്ക് ആ സംവിധായകനെ അറിയുമോ അവരുടെ കയ്യിൽ നിന്നും നമുക്ക് റൈറ്റ്സ് വാങ്ങാൻ സാധിക്കുമോ എന്നു ചോദിക്കും. അതാണ് അവരുടെ ചിന്താഗതി. നന്നായി ഓടിയ ചിത്രങ്ങളുടെ റീമേക്കാണ് അവർക്ക് വേണ്ടത്. പുതുതായി ഒന്നും പരീക്ഷിക്കാൻ അവർക്ക് താൽപര്യം ഇല്ല.