'ആക്രമണത്തിനിടയില്‍ നിശബ്ദത പാലിച്ച് സിനിമയിലൂടെ സംസാരിച്ചു'; ഷാരൂഖ് ഖാന്‍ ശക്തമായ നട്ടെല്ലുള്ളവനെന്ന് അനുരാഗ് കശ്യപ്

'ആക്രമണത്തിനിടയില്‍ നിശബ്ദത പാലിച്ച് സിനിമയിലൂടെ സംസാരിച്ചു'; ഷാരൂഖ് ഖാന്‍ ശക്തമായ നട്ടെല്ലുള്ളവനെന്ന് അനുരാഗ് കശ്യപ്
Published on

പത്താന്‍ സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാനെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. തനിക്ക് നേരെ വന്ന ആക്രമണങ്ങളിലെല്ലാം നിശബ്ദത പാലിച്ച് സിനിമയിലൂടെ സംസാരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചെയ്തതത്. ശക്തമായ നട്ടെല്ലുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ആക്രമണങ്ങള്‍ക്കിടയില്‍ നിശബ്ദത പാലിച്ചവന്‍. ഷാരൂഖ് ഖാന്‍ ശക്തമായ നട്ടെല്ലുള്ള വ്യക്തിയാണ്. സത്യസന്ധനായ മനുഷ്യന്‍. എല്ലാത്തിനും ഒടുവില്‍ അദ്ദേഹം സംസാരിച്ചത് സിനിമയിലൂടെയാണ്. അദ്ദേഹം സ്‌ക്രീനിലൂടെ ഉറക്കെ സംസാരിച്ചു. അനാവശ്യമായി സംസാരിക്കരുത്, നമ്മള്‍ സംസാരിക്കേണ്ടത് സ്വന്തം ജോലിയിലൂടെയാണെന്ന് ഷാരൂഖ് ഖാന്‍ പഠിപ്പിക്കുകയാണ്. അദ്ദേഹം എന്തുകൊണ്ട് ഷാരൂഖ് ഖാനായെന്ന് ഇതിലൂടെ നമുക്ക് കാണാന്‍ കഴിയും.

അനുരാഗ് കശ്യപ്.

പത്താന്‍ സിനിമയ്‌ക്കെതിരെ നിരന്തരം സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ചിത്രത്തിലെ ബേഷറം രങ്ക് എന്ന ഗാനത്തില്‍ ദീപിക കാവി നിറമുള്ള ബിക്കിനി ധരിച്ചെന്ന് ചൂണ്ടിക്കാട്ടിയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിലെ ചില ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്നെ ട്വിറ്ററില്‍ പത്താന്‍ ബോയ്‌കോട്ട് ചെയ്യണം എന്ന ക്യാംപെയിനുകളും നടന്നിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടുകയാണ് ഉണ്ടായത്.

അതേസമയം റിലീസ് ചെയ്ത് ഏഴാം ദിവസം പിന്നിടുമ്പോള്‍ ചിത്രം 300 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ്. നിലവില്‍ 600 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് നേടിയത് 300 കോടിയാണ്.

സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ ഷാരൂഖ് ഖാന് പുറമെ ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in