ജാനകിയുടെ ഇമോഷന്‍സിനെ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല, പക്ഷെ.. അനുപമ പരമേശ്വരന്‍ പറയുന്നു

ജാനകിയുടെ ഇമോഷന്‍സിനെ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല, പക്ഷെ.. അനുപമ പരമേശ്വരന്‍ പറയുന്നു
Published on

​സുരേഷ് ​ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ജെ.എസ്.കെ. തിയറ്ററിൽ റിലീസിനൊരുങ്ങുന്ന സിനിമ അതിന്റെ പേരിനെച്ചൊല്ലി ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയിരുന്നു. ജെ.എസ്.കെയിലെ ജാനകി എന്ന തന്റെ കഥാപാത്രം കടന്നുപോകുന്ന സന്ദർഭങ്ങൾ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും താദാത്മ്യം ചെയ്യാൻ സാധിക്കുമെന്ന് പറയുകയാണ് നടി അനുപമ പരമേശ്വരൻ. സുരേഷ് ​ഗോപി വക്കീൽ വേഷം അണിയുന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമാണെന്നും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നതെന്നും അനുപമ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അനുപമ പരമേശ്വരന്റെ വാക്കുകൾ

പറയുന്ന വിഷയം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിച്ചത്. പിന്നെ, സുരേഷ് ​ഗോപി വക്കീൽ വേഷം അണിയുന്നു എന്നു പറയുന്നത് വളരെ പ്രതീക്ഷയും ആനന്ദവും തരുന്ന ഒരു കാര്യം കൂടിയാണ്. ചിന്താമണി കൊലക്കേസ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്. ഇത്രയും പവർഫുള്ളായി ഡയലോ​ഗുകൾ ഡെലിവർ ചെയ്യാൻ സാധിക്കുന്ന മറ്റൊരാൾ ഇന്നില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ആ ഒരു മാജിക്ക് നേരിട്ട് എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചു എന്നുപറയുന്നത് തന്നെ വലിയ കാര്യമായാണ് കരുതുന്നത്. ജാനകി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നതും. അതുകൊണ്ട്, സിനിമയുടെ ടൈറ്റിൽ ക്യാരക്ടർ ആകാൻ‍ സാധിച്ചത് തന്നെ വലിയ സന്തോഷം. കൂടെ അഭിനയിക്കുന്നവരും പിന്നണിയിൽ ഉള്ളവരുമെല്ലാം ഞാൻ വർക്ക് ചെയ്യണമെന്ന് ആ​ഗ്രഹിച്ച, വളരെ ഇഷ്ടപ്പെടുന്ന ആളുകളാണ്. ഈ കഥാപാത്രം ലഭിച്ചതിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്.

സിനിമയിലെ ജാനകി എന്ന കഥാപാത്രത്തെ ​'ഗേൾ നെക്സ്റ്റ് ഡോർ' എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം. നമുക്കെല്ലാം പരിചയമുള്ള ഒരു പെൺകുട്ടി. നമുക്ക് എല്ലാവർക്കും ജാനകിയെ അറിയുമായിരിക്കാം. ചിലപ്പോൾ, ഒരുപാട് ജാനകിമാർ നമുക്ക് ചുറ്റും ഉണ്ട് എന്ന് നാം അറിയാതെ പോയേക്കാം. വളരെ നോർമലായ ജാനകിയുടെ ജീവിതത്തിൽ നടക്കുന്ന അബ്നോർമലായ ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് ജെ.എസ്.കെ കഥ പറയുന്നത്. ജാനകി കടന്നുപോകുന്ന സിറ്റുവേഷൻസും ഇമോഷൻസും പല ആളുകൾക്കും റിലേറ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല, പക്ഷെ, എംപതൈസ് ചെയ്യാൻ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in