
പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിനായി മാരി സെൽവരാജ് തന്നെ വിളിച്ചിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. ആനന്ദി ചെയ്ത കഥാപാത്രം താനായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രമായ ബൈസണിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.
അനുപമ പരമേശ്വരന്റെ വാക്കുകൾ
ബൈസൻ എന്ന സിനിമ ഒക്ടോബറിൽ തിയറ്ററിലെത്തും. എന്റെ ജീവിതത്തിൽ ഒരു വർക്ക് ഷോപ്പ് പോലെയായിരുന്നു എനിക്ക് ബൈസൻ. മാരി സെൽവരാജാണ് സംവിധായകൻ. ഞാൻ ഇതുവരെ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. മലയാളത്തിൽ നിന്നും ഞാനും രജിഷയും ചിത്രത്തിന്റെ ടീമിലുണ്ട്. പരിയേറും പെരുമാളിലേക്ക് ആനന്ദി ചെയ്ത കഥാപാത്രം ചെയ്യാൻ മാരി സെൽവരാജ് ആദ്യം എന്നെ വിളിച്ചിരുന്നു. ഒരു ഷോപ്പിങ് മാളിന് മുമ്പിൽ വണ്ടി ഇട്ട് ഇരിക്കുമ്പോഴാണ് എനിക്ക് ആ കോൾ വരുന്നത്. അദ്ദേഹം എവിടെയും തൊടാതെ ഒരു കഥ പറഞ്ഞു. പക്ഷെ, നിർഭാഗ്യവശാൽ ഡേറ്റിന്റെ ക്ലാഷ് ഉണ്ടായിരുന്നതിനാൽ എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല. പക്ഷെ, ബൈസൻ ഞാൻ മിസ് ചെയ്തില്ല.
ബൈസൻ ഒരു വ്യത്യസ്തമായ ചിത്രമായിരിക്കും. സാധാരണ മാരി സെൽവരാജ് ചിത്രങ്ങളെപ്പോലെത്തന്നെ മികച്ച ഒരു വർക്ക്. കബഡിയെ മുൻനിർത്തിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. എന്നെ വളരെ ഡിഫറന്റായി നിങ്ങൾക്ക് അതിൽ കാണാൻ സാധിക്കും. മാരി സെൽവരാജിന്റെ കഥകളെല്ലാം ഉരുത്തിരിയുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലോ ചുറ്റുമുള്ളവരുടെ ജീവിതത്തിലോ സംഭവിച്ച കാര്യങ്ങളിൽ നിന്നാണ്. അത് കിട്ടാൻ കാരണം അദ്ദേഹം തന്റെ ജീവിതത്തിൽ അത്രയേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്തതുകൊണ്ടാണ്.