
ഹൃദയം സിനിമയുടെ ക്ലൈമാക്സില്‍ ദര്‍ശന കാഴ്ചവെച്ച പ്രകടനം മറ്റൊരു നടിക്കും അത്തരത്തില്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് അനുപമ പരമേശ്വരന്‍. തനിക്ക് മാത്രമല്ല, പര്‍ദ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാം ഇതേ അഭിപ്രായമാണുള്ളത്. ഹൃദയത്തിലെ ക്ലൈമാക്സിനോട് അടുത്ത് ദര്‍ശന നടത്തിയ പ്രകടനം പോലെത്തന്നെയാണ് പര്‍ദയിലെ അമിയെന്നും അനുപമ പരമേശ്വരന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അനുപമ പരമേശ്വരൻ്റെ വാക്കുകൾ
പർദ ഭയങ്കര ഇഷ്ടപ്പെട്ടു ചെയ്ത സിനിമ ആണെങ്കിലും അതിനു പുറകിൽ വലിയ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. ഫിസിക്കലി ആണെങ്കിലും അല്ലാതെയും വലിയ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഈ സിനിമ പ്രൊമോട്ട് ചെയ്യണം എന്ന തോന്നലിൽ ഞങ്ങൾ ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനോട് എത്ര മാത്രം ഇഷ്ടം ഉള്ളിൽ ഉള്ളത് കൊണ്ടാണ് എന്നൊന്ന് ആലോചിച്ച് നോക്കൂ.
ഗ്രേ ഷേഡ് ഉള്ള കഥാപാത്രം ആണ് ദർശനയുടേത്. എന്നാൽ അത് എങ്ങനെ പ്ലസൻറ് ആയി അവതരിപ്പിക്കാം എന്നതാണ് ദർശനയെ സംബന്ധിച്ചെടുത്തോളം ഉള്ള ചാലഞ്ച്. ഡയറക്ടറും പ്രൊഡ്യൂസറും എന്നോട് കഥ പറഞ്ഞതിന് ശേഷം അമി ആര് ചെയ്യും എന്ന ചോദ്യം വന്നതും അത് ദർശനയിലേക്ക് എത്തുകയായിരുന്നു. അവർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല, ദർശന ഓക്കെ പറയുമോ എന്ന്. പക്ഷേ പുള്ളിക്കാരി വന്നു.
അമിയെ പോലെ തന്നെ ആയിരുന്നു ഹൃദയത്തിലെ ക്ലൈമാക്സിൽ ദർശനയുടെ പെർഫോമൻസ്. കാണുമ്പോൾ ചെറുതായി പേടിയാവും, പക്ഷേ, അത് നല്ലത് പോലെ അവസാനിക്കും. അതു ശരിയായ ബാലൻസിൽ കൊണ്ടുവരാൻ ദർശനയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞങ്ങൾ ഇന്നും വിശ്വസിക്കുന്നത്.