'സിനിമ പ്രേക്ഷകര്‍ ഒരിക്കലും സിനിമയെ ബോയ്‌ക്കോട്ട് ചെയ്യില്ല'; പത്താന്റെ വിജയത്തില്‍ അനുപം ഖേര്‍

'സിനിമ പ്രേക്ഷകര്‍ ഒരിക്കലും സിനിമയെ ബോയ്‌ക്കോട്ട് ചെയ്യില്ല'; പത്താന്റെ വിജയത്തില്‍ അനുപം ഖേര്‍
Published on

ബോയ്‌ക്കോട്ട് ക്യാംപെയിന്‍ നടന്നിട്ടും ഷാരൂഖ് ഖാന്റെ പത്താന്‍ തിയേറ്ററുകളില്‍ വന്‍ വിജയമായതില്‍ പ്രതികരിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. സിനിമ പ്രേക്ഷകര്‍ ഒരിക്കലും സിനിമ ബോയ്‌ക്കോട്ട് ചെയ്യില്ല എന്നാണ് അനുപം ഖേര്‍ പറഞ്ഞത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ട്രെന്റ് നോക്കിയല്ല ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്. ട്രെയ്‌ലര്‍ ഇഷ്ടപ്പെട്ടെങ്കില്‍ സിനിമ കാണും. ഇനി സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ കാണുന്നത് ലോകത്തിലെ ഒരു ശക്തിക്കും തടുക്കാന്‍ കഴിയില്ല. പിന്നെ ബോയ്‌ക്കോട്ട് ട്രെന്റിനോട് ദേഷ്യം വന്ന് എന്തായാലും ഈ സിനിമ കാണണം എന്ന് തോന്നി പോകുന്നവരും ഉണ്ട്. സിനിമ പ്രേക്ഷകര്‍ ഒരിക്കലും സിനിമയെ ബോയിക്കോട്ട് ചെയ്യില്ല.

അനുപം ഖേര്‍

'നമ്മള്‍ കൊവിഡ് മഹാമാരിയിലൂടെ കടന്ന് പോയവരാണ്. ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ മുഴുവന്‍ വീട്ടിലിരിക്കുകയായിരുന്നു. നൂറ് വര്‍ഷത്തിന് ശേഷമോ മറ്റോ ആണ് ഇങ്ങനെ സംഭവിച്ചത്. ആ സമയത്ത് പ്രേക്ഷകര്‍ എന്റര്‍ട്ടെയിന്‍മെന്റിന് എന്ത് ചെയ്യാമെന്നാണ് അന്വേഷിച്ചിരുന്നത്. അങ്ങനെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വളരുന്നത്. പ്രേക്ഷകര്‍ അവരുടെ സൗകര്യത്തിന് സിനിമകള്‍ കാണാന്‍ തുടങ്ങി. അവരെ ഭയത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാന്‍ കുറച്ച് സമയം എടുക്കും', എന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനുവരി 25നാണ് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ തിയേറ്ററിലെത്തിയത്. ചിത്രം ലോകവ്യാപകമായി ബോക്‌സ് ഓഫീസില്‍ 800 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ബേഷറം രങ്ക് എന്ന പാട്ടിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ പത്താനെതിരെ സമൂഹമാധ്യമത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ ബോയ്‌ക്കോട്ട് ക്യംപെയിന്‍ നടത്തിയിരുന്നു. പക്ഷെ ബോയ്‌ക്കോട്ട് ക്യാംപെയിനുകള്‍ നടത്തിയെങ്കില്‍ സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുകയായിരുന്നു. ചിത്രം വന്‍ വിജയമാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ആഗോള ബോക്‌സ് ഓഫീസിലും നേടിക്കൊണ്ടിരിക്കുന്നത്. ഷാരുഖ് ഖാന് പുറമെ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in