കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകനെ പ്രശംസിച്ച് നടൻ അനുപം ഖേർ. 96 എന്ന ചിത്രത്തിന് ശേഷം പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകൻ. ലളിതവും മനോഹരവുമായ മികച്ചൊരു ചിത്രമാണ് മെയ്യഴകൻ എന്നും ചിത്രം കണ്ട് ഒരുപാട് കരഞ്ഞെന്നും എക്സിൽ പങ്കുവച്ച ട്വീറ്റിൽ അനുപം ഖേർ പറഞ്ഞു.
അനുപം ഖേറിന്റെ ട്വീറ്റ്:
മെയ്യഴകൻ കണ്ടു. എന്തൊരു മികച്ച ചിത്രം!! ലളിതവും മനോഹരവുമായ ചിത്രം, ഒരുപാട് കരഞ്ഞു. എൻ്റെ സുഹൃത്തായ അരവിന്ദ് സാമിയും കാർത്തിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ഡിപ്പാർട്ട്‌മെൻ്റും ഗംഭീരം! മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് സിനിമയുടെ സംവിധായകൻ പ്രേംകുമാറിന്.
സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയറ്ററുകളിലെത്തിയത്. 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. 96 ന് ശേഷം, സംവിധായകൻ പ്രേം കുമാറും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. തിയറ്ററിന് ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ചിത്രത്തിന് തിയറ്ററുകളിൽ അർഹിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്ത് മാറ്റുകയും ചെയ്തിരുന്നു.
മനുഷ്യനും മനുഷ്യബന്ധങ്ങളും പ്രകൃതിയുമെല്ലാം ഒത്തിണങ്ങി പ്രേക്ഷകരെ ആസ്വദിപ്പിച്ച ഒരു ഫീൽഗുഡ് ചിത്രമായിരുന്നു മെയ്യഴകൻ. പ്രേം കുമാറിന്റെ രണ്ടാമത്തെ സംവിധാന ചിത്രമാണ് ഇത്. തൃഷയെയും വിജയ് സേതുപതിയെയും ജോഡികളാക്കി മുമ്പ് പ്രേം കുമാർ സംവിധാനം ചെയ്ത 96 പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ നേടിയ ചിത്രമായിരുന്നു. 96 ല്‍ പ്രണയമായിരുന്നു പ്രധാന ഇതിവൃത്തമെങ്കിൽ മെയ്യഴകനില്‍ അത് ഗൃഹാതുരത്വവും വേരുകളുമായുള്ള മനുഷ്യന്‍റെ ബന്ധവുമാണ്. ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.