
ആന്റണി വർഗീസ് പെപ്പെ ഇനി പ്രൊഫഷണൽ ബോക്‌സർ. കേരള ബോക്സിങ് കൗൺസിലാണ് ആന്റണി വർഗീസ് പെപ്പെയ്ക്ക് പ്രൊഫഷണൽ ലൈസൻസ് നൽകിയത്. ദാവീദ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ബോക്സിങ് പരിശീലനത്തിനൊടുവിലാണ് അംഗീകാരം. കേരള ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് ശ്രീ ജോയ് ജോർജ് പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്ക് നൽകി. കേരള ബോക്സിങ് കൗൺസിൽ സെക്രട്ടറി വാജിദ് സെയ്‌ട്ടിന്റെ സാന്നിധ്യത്തിലായിരുന്നു പെപ്പെയെ ഒദ്യോഗിക ബോക്സിങ് മത്സര മേഖലയിലേക്ക് സ്വാഗതം ചെയ്തത്. പ്രൊഫഷണൽ ബോക്സിംഗ് സംഘടനയായ 'വേൾഡ് ബോക്സിംഗ് കൗണ്സിലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യൻ ബോക്സിംഗ് കൗൺസിലും ഒപ്പം കേരള ബോക്സിംഗ് കൗൺസിലും സംയുക്തമായി നടത്തുന്ന 'D' ഫൈറ്റ് നൈറ്റ്ന് എന്ന പരിപാടിക്ക് മുന്നോടിയായായാണ് ആന്റണി വർഗീസ് പെപ്പെയ്ക്ക് ലൈസൻസ് സമ്മാനിച്ചത്.
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് നേടുന്ന നടനായി മാറുകയാണ് ആന്റണി വർഗീസ് പെപ്പെ . ദാവീദ് എന്ന ചിത്രത്തിനായി പെപ്പെ ഏഴു മാസത്തിലധികം പ്രൊഫഷണൽ ബോക്സിംഗ് പരിശീലിച്ചിരുന്നു. ജനുവരി 26ന് തന്റെ ആദ്യ പ്രൊഫഷണൽ ബോക്സിംഗ് മത്സരത്തിനായി പെപ്പെ റിംഗിലേക്ക് ഇറങ്ങുമ്പോൾ എതിരാളിയായി എത്തുന്നത് 'ദാവീദി'ന്റെ നിർമ്മാതാക്കളിൽ ഒരാളായ അച്ചു ബേബി ജോൺ ആണ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടത്. മികച്ച അഭിപ്രായങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമ്പൂർണ്ണമായും ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ആന്റണി ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.
സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 71 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്.