'സിനിമയുടെ വിജയം മറ്റുള്ളവരെ നശിപ്പിക്കാനാണ് ജൂഡ് ഉപയോഗിക്കുന്നത്'; യോഗ്യത അളക്കാന്‍ ജൂഡ് ആരാണെന്ന് ആന്റണി വര്‍ഗീസ്

'സിനിമയുടെ വിജയം മറ്റുള്ളവരെ നശിപ്പിക്കാനാണ് ജൂഡ് ഉപയോഗിക്കുന്നത്'; യോഗ്യത അളക്കാന്‍ ജൂഡ് ആരാണെന്ന് ആന്റണി വര്‍ഗീസ്

2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്റെ വിജയം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാനാണ് ജൂഡ് ആന്തണി ഉപയോഗിക്കുന്നതെന്ന് നടന്‍ ആന്റണി വര്‍ഗീസ്. സിനിമ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നൊക്കെ പറയുന്നത് കേട്ടു, ഞാന്‍ സ്വപ്നത്തിന് പുറകെ വന്നയാളാണ്, കഴിവ് തീരുമാനിക്കാന്‍ ജൂഡ് ആന്തണിക്ക് എന്താണ് അവകാശമെന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ആന്റണി വര്‍ഗീസ് പറഞ്ഞത്

ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ആര്‍ഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് ഇതിലേക്ക് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന് പറഞ്ഞു. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെയാണോ പറയേണ്ടത്? എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം അദ്ദേഹം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഞാന്‍ സ്വപ്നങ്ങളെ പിന്തുടരുന്ന വ്യക്തിയാണ്. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ്. അത് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല. ജൂഡ് ആന്റണിയും ഒരു നിര്‍മാതാവ് അവസരം നല്‍കിയതുകൊണ്ടല്ലേ സിനിമയിലെത്തിയത്' ആന്റണി വര്‍ഗ്ഗീസ്.

ജൂഡ് ആന്തണി ജോസഫ് അസോസിയേറ്റ് ചെയ്യാനിരുന്ന സിനിമയ്ക്ക് വേണ്ടി നിര്‍മാതാവിന്റെ കൈയ്യില്‍ നിന്നും ആന്റണി വര്‍ഗ്ഗീസ് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും, അതുപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തുകയും പിന്നീട് ചിത്രം തുടങ്ങുന്നതിന് പതിനെട്ടു ദിവസം മുന്‍പായി ആന്റണി പിന്മാറിയെന്നും ജൂഡ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആന്റണി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും സിനിമയുടെ തിരക്കഥയെക്കുറിച്ച് സംസാരിക്കവെ ജൂഡ് അസഭ്യം പറഞ്ഞപ്പോഴാണ് താന്‍ പടത്തില്‍ നിന്ന് പിന്മാറിയതെന്നും പണം തിരികെ കൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് തന്റെ സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡിനെതിരെ തെളിവുകള്‍ നിരത്തി ആന്റണി പറഞ്ഞിരുന്നു. ജൂഡിനെതിരെ തന്റെ അമ്മ നിയമനടപടി സ്വീകരിക്കുമെന്നും ആന്റണി അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in