ആന്റണി പെരുമ്പാവൂരിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ആന്റണി പെരുമ്പാവൂരിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചത്. വിസ ലഭിച്ചതില്‍ യു.എ.ഇ അധികൃതരോടും യൂസഫ് അലിയോടും മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂര്‍ നന്ദി അറിയിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍

അബുദാബി ഗവണ്‍മെന്റില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ഈ അവസരത്തില്‍ യുഎഇ രാഷ്ട്രത്തലവനായ റോയല്‍ ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോട് ഞാന്‍ നന്ദി പറയുന്നു. എം എ യൂസഫ് അലി സര്‍, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ സയിദ ബദ്രേയ്യ അല്‍ മസ്റൂയി, ടുഫോര്‍ 54-ലെ ഗവണ്‍മെന്റ് സര്‍വീസസ് മേധാവി എച്ച്.ഇ. മുഹമ്മദ് ഹെലാല്‍ അല്‍ മേരി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറലും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നന്ദി.

മോഹന്‍ലാല്‍ സാറിന്റെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറയുന്നു. അതോടൊപ്പം മലയാള സിനിമാ മേഖലയ്ക്കും ആശിര്‍വാദ് കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യം യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. തുടര്‍ന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ ടൊവിനോ, ആസിഫ് അലി, മിഥുന്‍ രമേശ്, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യു.എ.ഇ ഭരണകൂടം 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in