ഒടിയൻ ഞങ്ങളുടെ ആദ്യ പാൻ-ഇന്ത്യൻ ചിത്രം, ഹർത്താൽ ദിന റിലീസിലും ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ചിത്രം: ആന്റണി പെരുമ്പാവൂർ

ഒടിയൻ ഞങ്ങളുടെ ആദ്യ പാൻ-ഇന്ത്യൻ ചിത്രം, ഹർത്താൽ ദിന റിലീസിലും ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ചിത്രം: ആന്റണി പെരുമ്പാവൂർ
Published on

ഒടിയൻ എന്ന ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസിന്റെ ആദ്യ പാൻ‌ ഇന്ത്യൻ ചിത്രം എന്ന തരത്തിൽ നാഴികക്കല്ല് സൃഷ്ടിച്ച ഒടിയൻ, ഒരു ഹർത്താൽ ദിനത്തിൽ റിലീസിനെത്തിയിട്ടും മലയാളത്തിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ എന്ന തകർക്കാൻ സാധിക്കാത്ത റെക്കോർ‍‍ഡാണ് നേടിയെടുത്തതെന്ന് ആന്റണി പറയുന്നു. ഇന്നും പലരും ചർച്ച ചെയ്യുകയും ഓർമ്മിക്കുകയും ചെയ്യുന്ന ഒടിയൻ എന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ യാത്രയിൽ വിസ്മരിക്കാനാവാത്ത അതുല്യമായ ഒരു ഏടാണെന്നും ഫേസ്ബുക്കിൽ‌ പങ്കുവച്ച പോസ്റ്റിൽ‌ ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്:

ഒടിയൻ ആശിർവാദ് പ്രൊഡക്ഷന്റെ 23-ാമത് നിർമാണ ചിത്രമായിരുന്നു. മറ്റെവിടെയും കാണാൻ സാധിക്കാത്ത തരത്തിലുള്ള ആ ഫാന്റസി ചിത്രം പ്രഖ്യാപനഘട്ടം മുതൽ‌ക്കേ വലിയ തരത്തിൽ ആവേശം സൃഷ്ടിച്ച സിനിമയാണ്. വി.എ. ശ്രീകുമാർ മേനോൻ തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെ ധൈര്യമായി തന്നെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ശ്രമിക്കുകയും വലിയ തരത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത പ്രൊജക്ടായിരുന്നു അത്. ലാൽ സാറിൻ്റെയും മഞ്ജു വാര്യരുടെയും കോമ്പിനേഷനും സിനിമയുടെ പ്രതീക്ഷകളുയർത്തി. ഒരു ഹർത്താൽ ദിനത്തിൽ റീലിസ് ചെയ്തിട്ടും മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ എന്ന തകർക്കാൻ സാധിക്കാത്തൊരു റെക്കോർഡ് ഒടിയൻ നേടിയെടുത്തു. അന്ന് ഓൺലൈൻ റിവ്യൂകളുടെ കാലമായിരുന്നില്ല, നല്ല സിനിമയോടുള്ള പ്രേക്ഷകരുടെ സ്നേഹം വളരെ തെളിഞ്ഞതും തളരാതെയും മുന്നേറിയത് ഒടിയൻ്റെ വിജയത്തെ കൂടുതൽ സവിശേമാക്കിയിരുന്നു. ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തുന്ന ആശിർവാദ് സിനിമാസിന്റെ ആദ്യ പാൻ-ഇന്ത്യൻ റിലീസ് എന്ന നാഴികക്കല്ല് കൂടിയാണ് ഒടിയൻ എന്ന ചിത്രം. ഇന്നും പലരും സംസാരിക്കുകയും ചർച്ച ചെയ്യുകയും ഓർമ്മിക്കുകയും ചെയ്യുന്ന ഞങ്ങളുടെ യാത്രയിലെ ഒരു അതുല്യമായ അധ്യായമാണ് ഇന്നും ഈ ചിത്രം. ഒടിയൻ നിർമിക്കാൻ ‍ഞങ്ങളെടുത്ത റിസ്കും, നേരിട്ട വെല്ലുവിളികളും വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് പ്രേക്ഷകർക്ക് സമ്മാനിക്കാൻ വേണ്ടി ഒടിയൻ നിർമിച്ചതിലെ സന്തോഷവും ഇപ്പോഴും ഓർമ്മകളിലുണ്ട്. ലാൽ സാറിനും, മഞ്ജു വാര്യർക്കും, ശ്രീകുമാർ മേനോനും, എഴുത്തുകാരൻ ഹരികൃഷ്ണനും, മുഴുവൻ ടീമിനും ഈ അവിസ്മരണീയ യാത്രയുടെ ഭാഗമായതിന് നന്ദി അറിയിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in