'ആൻ്റണി' എന്ന ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്താൻ നിർമിച്ചതല്ല; കാസയുടെ ആരോപണത്തിൽ മറുപടി പറഞ്ഞ് നിർമാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ

'ആൻ്റണി' എന്ന ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്താൻ നിർമിച്ചതല്ല; കാസയുടെ ആരോപണത്തിൽ മറുപടി പറഞ്ഞ് നിർമാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ

'പാപ്പൻ' എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്ത് ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ആൻ്റണി'. ചിത്രം ക്രൈസ്തവ വിശ്വാസങ്ങളെയും ബെെബിളിനെയും അവഹേളിക്കുന്ന എന്ന കാസയുടെ ആരോപണത്തിൽ മറുപടി പറഞ്ഞ് നിർമാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ. ചിത്രം ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല എന്നും കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ആന്റണി എന്ന ചിത്രമെന്നും ഐൻസ്റ്റീൻ മീഡിയ പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി

ഐൻസ്റ്റീൻ മീഡിയ പങ്കുവച്ച പ്രസ്താവന:

ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന "ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’.

പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല എന്നത് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ഉറപ്പ് തരുന്നു. 'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്. പരാമർശിച്ചിരിക്കുന്ന പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രസ്തുത രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ല എന്നും അറിയിച്ചു കൊള്ളട്ടേ!

ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർക്കുള്ളിലെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. 'ആന്റണി'യിലെ ക്രിയാത്മകമായ ആവിഷ്കാരണങ്ങളുടെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങളെ ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവർത്തകർ എന്ന നിലയിലും

വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുമ്പോൾ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നു. സർഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ ക്രിയാത്മകമായ സൃഷ്ടികൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഞങ്ങൾ എന്നും പരിശ്രമിച്ചുകൊണ്ടേയിരിക്കും.

'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമക്ക് ശേഷം ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ജോഷിയുമായി ഒന്നിച്ച ചിത്രമായിരുന്നു ആന്റണി. ചിത്രത്തിലെ ഒരു കഥാപാത്രം ബെെബിളിനുള്ളിൽ തോക്ക് ഒളിപ്പിച്ച രം​ഗമാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് കാസ ആരോപിച്ചത്. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ആന്റണി നിർമിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മ ആണ്. ഛായാഗ്രഹണം നിർവഹിച്ചത് രണദിവേ ആണ്. ശ്യാം ശശിധരൻ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ്

Related Stories

No stories found.
logo
The Cue
www.thecue.in